ലയണൽ മെസ്സിയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്, ഇന്റർ മയാമി ക്ലബ്ബ് വൃത്തങ്ങൾ താരം തുടരും എന്ന് നിർണായക സൂചനകൾ നൽകി. മെസ്സി ക്ലബ്ബിൽ തുടരാൻ സാധ്യതയുണ്ടെന്ന് ക്ലബ്ബിനോടടുത്ത വൃത്തങ്ങൾ അറിയിച്ചു.

“മെസ്സിക്ക് 2025 അവസാനം വരെ കരാറുണ്ട്. യാഥാർത്ഥ്യം എന്തെന്നാൽ, ഇരു പാർട്ടികളും ബന്ധം തുടരാൻ താൽപ്പര്യപ്പെടുന്നു എന്നതാണ്,” ക്ലബ്ബ് വൃത്തങ്ങൾ വ്യക്തമാക്കി.
കൂടാതെ, “ഇത് യാഥാർത്ഥ്യമാക്കാൻ ആവശ്യമായ നടപടികൾ ശരിയായ ചിന്താഗതിയോടെ സ്വീകരിച്ചുവരികയാണ്” എന്നും അവർ കൂട്ടിച്ചേർത്തു.
ഇത് മെസ്സിയുടെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണെന്നതിന്റെ സൂചനയാണ്. ഈ പ്രസ്താവന മെസ്സി ആരാധകർക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. 2023-ൽ പി.എസ്.ജി വിട്ട് ഇന്റർ മയാമിയിൽ ചേർന്നതിന് ശേഷം മെസ്സി ക്ലബ്ബിന്റെ പ്രകടനത്തിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. അദ്ദേഹത്തിന്റെ സാന്നിധ്യം എം.എൽ.എസ്സിനും ഇന്റർ മയാമിക്കും വലിയ ഉണർവ് നൽകിയിട്ടുണ്ട്. ക്ലബ് ലോകകപ്പിൽ നിന്ന് ഇന്റർ മയാമി പുറത്തായതിനു പിന്നാലെയാണ് ക്ലബ് ഈ പ്രസ്താവന നടത്തിയത്.