ആദിത്യ സാർവതെ കേരളം വിട്ട് ഛത്തീസ്ഗഢിലേക്ക് മാറുന്നു

Newsroom

Kerala Sarvate


ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ അപ്രതീക്ഷിതമായ ഒരു മാറ്റം. കഴിഞ്ഞ സീസണിൽ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ച ഇടംകൈയ്യൻ സ്പിന്നർ ആദിത്യ സാർവതെ 2025-26 സീസണിന് മുന്നോടിയായി ഛത്തീസ്ഗഢിലേക്ക് ചേക്കേറാൻ തീരുമാനിച്ചു. 35 വയസ്സുകാരനായ സർവാതെ കഴിഞ്ഞ സീസണിലാണ് കേരളത്തിലെത്തിയത്. കേരളത്തെ രഞ്ജി ട്രോഫി ഫൈനലിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം 34 വിക്കറ്റുകളും 271 റൺസും നേടിയിരുന്നു.

Kerala sarvate


നേരത്തെ വിദർഭയ്‌ക്കൊപ്പം രണ്ട് രഞ്ജി ട്രോഫി കിരീടങ്ങൾ നേടിയ സർവാതെ, തനിക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ലഭിച്ചതായും റായ്പൂരിലേക്ക് താമസം മാറ്റി പുതിയ അധ്യായം ആരംഭിക്കുകയാണെന്നും സ്ഥിരീകരിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് കുമാറും NOC നൽകിയ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.


റെഡ്-ബോൾ ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ സർവാതെ, വിദർഭ, കേരളം, ഇപ്പോൾ ഛത്തീസ്ഗഢ് എന്നിങ്ങനെ വിവിധ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. 70 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറികളടക്കം 2,175 റൺസും 19.47 ശരാശരിയിൽ 310 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.


സർവാതെയുടെ വരവ് ഛത്തീസ്ഗഢിന്റെ സ്പിൻ ആക്രമണത്തിന് കൂടുതൽ കരുത്ത് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന രഞ്ജി സീസണിൽ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ഛത്തീസ്ഗഢ് താരത്തെ ടീമിലെത്തിച്ചത്.