ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മോശം പ്രകടനം തുടരുന്നു. എ.എഫ്.സി. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഹോങ്കോങ്ങിനോട് 0-1 ന്റെ തോൽവി ഏറ്റുവാങ്ങിയതോടെ പരിശീലകൻ മനോലോ മാർക്കേസിന് മേലുള്ള സമ്മർദ്ദവും വർദ്ധിച്ചു. കൗലൂണിലെ കൈ ടാക് സ്പോർട്സ് പാർക്കിൽ നടന്ന മത്സരത്തിൽ സ്റ്റോപ്പേജ് ടൈമിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി സ്റ്റെഫാൻ പെരേരയാണ് ഹോങ്കോങ്ങിന് വിജയം സമ്മാനിച്ചത്.

ഈ തോൽവിയോടെ ഗ്രൂപ്പ് സിയിൽ ഇന്ത്യ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അടുത്തിടെ തായ്ലൻഡിനെതിരായ സൗഹൃദ മത്സരത്തിൽ 3-0 ന് തോറ്റതും ബംഗ്ലാദേശിനെതിരായ സമനിലയും ഇന്ത്യയുടെ നില കൂടുതൽ പരുങ്ങലിലാക്കിയിരുന്നു.
മാർക്കേസിന്റെ ഭാവിയെക്കുറിച്ച് ഇന്ത്യൻ ഫുട്ബോൾ അധികൃതർ ആലോചിക്കുന്നുണ്ടെന്നും അടുത്ത യോഗ്യതാ മത്സരങ്ങൾക്ക് മുമ്പ് ഒരു പരിശീലക മാറ്റം പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.