ജൂൺ 7, 2025 – കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി കൊച്ചിയിലെ കായിക, ഓർത്തോപീഡിക് റീഹാബിലിറ്റേഷൻ മേഖലയിലെ മുൻനിര സ്ഥാപനമായ ആക്ടിവ്ബേസുമായി മൂന്ന് വർഷത്തെ പങ്കാളിത്തം പ്രഖ്യാപിച്ചു. പരിക്കേറ്റ കളിക്കാരുടെ പരിചരണത്തോടൊപ്പം, ടീമംഗങ്ങളുടെ മൊത്തത്തിലുള്ള ശാരീരിക ക്ഷേമം ഉറപ്പാക്കുക എന്ന ക്ലബ്ബിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്.
ഈ പങ്കാളിത്തത്തിലൂടെ, ആക്ടീവ്ബേസ് കേരള ബ്ലാസ്റ്റേഴ്സിന്റെ മെഡിക്കൽ, പെർഫോമൻസ് ഡിപ്പാർട്ട്മെന്റുകൾക്ക് സമഗ്രമായ പിന്തുണ നൽകും. ഇഞ്ചുറി റീഹാബിലിറ്റേഷൻ, ഓർത്തോപീഡിക് റിക്കവറി, അത്ലറ്റിക് കണ്ടീഷനിംഗ് എന്നിവയ്ക്കായി അത്യാധുനിക ഉപകരണങ്ങളും നൂതന പരിശീലനങ്ങളും ആധുനിക രീതികളും ആക്റ്റീവ് ബേസ് ലഭ്യമാക്കും.
ഇന്ത്യയിലെ കായികക്ഷമതാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ആക്ടീവ്ബേസ്, ആരോഗ്യപരിപാലനത്തിന് സമഗ്രമായ ഒരു സമീപനമാണ് മുന്നോട്ട് വെക്കുന്നത്. ആധുനിക ശാസ്ത്രീയ ചികിത്സാ രീതികളെയും നൂതന സമീപനങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട്, കായികതാരങ്ങൾക്ക് പുറമെ സാധാരണക്കാർ ഉൾപ്പെടെ എല്ലാവർക്കും സംയോജിത ആരോഗ്യ-കായികക്ഷമതാ പരിഹാരങ്ങൾ നൽകുന്നതിൽ ആക്ടീവ്ബേസ് മുൻനിരയിലുണ്ട്.
ഈ സഹകരണത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി സി.ഇ.ഒ. അഭിക് ചാറ്റർജി:
“ഫുട്ബോൾ സീസൺ ദൈർഖ്യം കൂടിക്കൊണ്ടിരിക്കുകയും കളിക്കാർക്ക് മേലുള്ള ശാരീരിക സമ്മർദ്ദം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, നമ്മുടെ സംവിധാനങ്ങൾ നിരന്തരം നവീകരിച്ച് മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്. ഞങ്ങളുടെ കളിക്കാർക്ക് മികച്ച പരിചരണം ലഭിക്കുന്ന ഒരു ഉയർന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ആക്ടിവ്ബേസുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ആ ദിശയിലുള്ള ഒരു വലിയ ചുവടുവെപ്പാണ്. കളിക്കാരുടെ ആരോഗ്യത്തെയും മികച്ച പ്രകടനത്തെയും പിന്തുണയ്ക്കുന്ന രീതിയിൽ ക്ലബ്ബിന്റെ മെഡിക്കൽ, റീഹാബിലിറ്റേഷൻ സംവിധാനം ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഈ സഹകരണം ഇപ്പോഴത്തെ ആവശ്യങ്ങൾ മാത്രം നിറവേറ്റുന്നതിനായുള്ളതല്ല, മറിച്ച് ഓരോ സീസണിലും ഉയർന്ന തലത്തിൽ മത്സരിക്കാൻ കഴിയുന്ന ഒരു ക്ലബ്ബ് കെട്ടിപ്പടുക്കുന്നതിനായുള്ളതാണ്. കൊച്ചിയിൽ ആക്ടിവ്ബേസ് പോലെയുള്ള സൗകര്യം യാഥാർത്ഥ്യമാകുന്നത് സന്തോഷകരമാണ്, ഇത് സംസ്ഥാനത്തിന്റെ പൊതു കായിക രംഗത്തിന് വളരെയധികം ഗുണകരമാകും. “
സഹകരണത്തെക്കുറിച്ച് ആക്ടിവ്ബേസിന്റെ മാനേജിംഗ് പാർട്ണർ ഡോ. അനസ് കൊല്ലഞ്ചേരി എം.പി.ടി:
“ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ ഔദ്യോഗിക റീഹാബിലിറ്റേഷൻ പാർട്ണറായി കൈകോർക്കുന്നതിൽ ആക്ടീവ്ബേസിന് വളരെയധികം അഭിമാനമുണ്ട്. ഇന്ത്യയിലെ മുൻനിര ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ കേരളാ ബ്ലാസ്റ്റേഴ്സുമായി സഹകരിക്കാനും, ഞങ്ങളുടെ ഓർത്തോപീഡിക് റീഹാബിലിറ്റേഷൻ, സ്പോർട്സ് ഇഞ്ചുറി മാനേജ്മെന്റ്, അത്ലറ്റ് റിക്കവറി എന്നിവയിലെ വിപുലമായ വൈദഗ്ദ്ധ്യം നൽകി അവരുടെ മുന്നോട്ടുള്ള യാത്രക്ക് പിന്തുണയാകാനും സാധിക്കുന്നതിൽ ഞങ്ങൾ ആവേശത്തിലാണ്.
മസ്കുലോസ്കെലെറ്റൽ പരിക്കുകൾ, പെയിൻ മാനേജ്മെന്റ്, പോസ്റ്റ്-സർജറി റീഹാബിലിറ്റേഷൻ എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ഇന്ത്യയിലെ ഏറ്റവും അഡ്വാൻസ്ഡ് കേന്ദ്രമാണ് ആക്ടീവ്ബേസ്. പെയിൻ ലാബ്, ഹൈ പെർഫോമൻസ് ലാബ്, അക്വാട്ടിക് തെറാപ്പി ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഞങ്ങളുടെ കേന്ദ്രം, അത്ലറ്റുകൾക്കും, നോൺ-അത്ലറ്റുകൾക്കും, പ്രായമായവർക്കും ഉൾപ്പെടെ ഓരോ വ്യക്തിക്കും പ്രത്യേകമായ പരിചരണ രീതികളാണ് നൽകുന്നത്. ഈ പങ്കാളിത്തത്തിലൂടെ ബ്ലാസ്റ്റേഴ്സിന്റെ റിക്കവറി സ്റ്റാൻഡേർഡ് ഉയർത്തിക്കൊണ്ട്, കളിക്കാർക്ക് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാൻ അവസരം ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.”
കളിക്കാർക്ക് മികച്ച പിന്തുണ നൽകാനുള്ള കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ പ്രതിബദ്ധത ആണ് ഈ പങ്കാളിത്തത്തിലൂടെ പ്രകടമാകുന്നത്. ക്ലബ്ബിന്റെ പ്രൊഫഷണലിസവും ദീർഘകാല അടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടും ഇതിൽ നിന്നും വ്യക്തമാണ്. ഈ പങ്കാളിത്തം ക്ലബ്ബിന്റെ ഭാവി മുന്നേറ്റത്തിന് കരുത്ത് പകരുമെന്നും കളിക്കാരുടെ സമ്പൂർണ്ണ ക്ഷേമം ഉറപ്പാക്കുമെന്നും ക്ലബ് പ്രതീക്ഷിക്കുന്നു.