മാഞ്ചസ്റ്റർ യുണൈറ്റഡിന് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ല എന്നത് ടീമിനെ പുനർനിർമ്മിക്കാൻ കൂടുതൽ സഹായകമാകുമെന്ന് പരിശീലകൻ റൂബൻ അമോറിം. സീസൺ അവസാനിച്ചതിന് ശേഷമുള്ള സൗഹൃദ മത്സരത്തിന് മുന്നോടിയായി ക്വാലാലംപൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രീമിയർ ലീഗിൽ 15-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് ശേഷം യൂറോപ്യൻ മത്സരങ്ങളുടെ അഭാവം ടീം തയ്യാറെടുപ്പിനും വികസനത്തിനും കൂടുതൽ സമയം നൽകുമെന്നും അമോറിം പറഞ്ഞു.
സീസണിന്റെ മധ്യത്തിൽ എറിക് ടെൻ ഹാഗിന് പകരക്കാരനായി ചുമതലയേറ്റ അമോറിമിന് കാര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. എന്നിട്ടും അദ്ദേഹം ശുഭാപ്തിവിശ്വാസത്തിലാണ്.
“ചാമ്പ്യൻസ് ലീഗിൽ ഇല്ലാത്തത് മികച്ച പ്രകടനം നടത്താനും മത്സരങ്ങൾക്ക് നന്നായി തയ്യാറെടുക്കാനും ഗുണമായേക്കാം,” അദ്ദേഹം പറഞ്ഞു.
നിലവിൽ യുണൈറ്റഡ് ഏഷ്യൻ പര്യടനത്തിലാണ്. മലേഷ്യയിലും ഹോങ്കോങ്ങിലുമുള്ള സൗഹൃദ മത്സരങ്ങളിലൂടെ ക്ലബ്ബിന് ഏകദേശം 10 മില്യൺ ഡോളർ വരുമാനം പ്രതീക്ഷിക്കുന്നു.