ബാഴ്സലോണ അവരുടെ കൗമാരത്തിലെ സെൻസേഷണൽ താരം ലമീൻ യമാലിന്റെ ഭാവി സുരക്ഷിതമാക്കി. 17 കാരനായ താരവുമായി ക്ലബ് പുതിയ ദീർഘകാല കരാറിന് ധാരണയിലെത്തിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. പുതിയ കരാർ 2031 വരെ നിലനിൽക്കും.
സൂപ്പർ ഏജൻ്റ് ജോർജ് മെൻഡസ് തിങ്കളാഴ്ച ബാഴ്സലോണ പ്രസിഡൻ്റ് ജോവാൻ ലാപോർട്ടയുമായി കൂടിക്കാഴ്ച നടത്തി അന്തിമ നിബന്ധനകളിൽ ധാരണയിലെത്തി. യാമൽ ചൊവ്വാഴ്ച തന്നെ കരാർ ഒപ്പുവച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഫിഫ നിയമങ്ങൾ പ്രകാരം പ്രായപൂർത്തിയാകാത്ത കളിക്കാർക്ക് മൂന്ന് വർഷത്തെ കരാറുകൾ മാത്രമേ അനുവദിക്കൂ എന്നതിനാൽ യാമലിന് 18 വയസ്സ് തികയുന്ന ജൂലൈ മുതലാണ് പുതിയ കരാർ പ്രാബല്യത്തിൽ വരുന്നത്.
ചില പ്രകടന-അടിസ്ഥാനത്തിലുള്ള വ്യവസ്ഥകൾ പാലിക്കപ്പെട്ടാൽ യാമൽ ടീമിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരനായേക്കാം. ഉടൻ തന്നെ ടീം വിടുമെന്ന് പ്രതീക്ഷിക്കുന്ന അൻസു ഫാറ്റിക്ക് ശേഷം ഐക്കണിക് നമ്പർ 10 ജേഴ്സിയും യമാലിന് ലഭിക്കാൻ സാധ്യതയുണ്ട്.