ഈ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ മികച്ച സ്കോറുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 230 റൺസെന്ന് മികച്ച സ്കോറാണ് നേടാനായത്. ഡെവാള്‍ഡ് ബ്രെവിസും ഡെവൺ കോൺവേയും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ആയുഷ് മാത്രേയും ഉര്‍വിൽ പട്ടേലും മികച്ച രീതിയിൽ ബാറ്റ് വീശിയതും ചെന്നൈയ്ക്ക് തുണയായി.
ആയുഷ് മാത്രേ നൽകിയ മികച്ച തുടക്കം തുടര്‍ന്ന ചെന്നൈയ്ക്ക് വേണ്ടി ബാറ്റിംഗിനിറങ്ങിയ താരങ്ങളെല്ലാവരും നിര്‍ണ്ണായക സംവാനകളാണ് നൽകിയത്. ഡെവൺ കോൺവേയെ കാഴ്ച്ചക്കാരനാക്കി മാത്രേ ടീമിന് മിന്നും തുടക്കം നൽകിയപ്പോള്‍ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 44 റൺസാണ് 3.4 ഓവറിൽ നേടിയത്.
17 പന്തിൽ 34 റൺസ് നേടിയ മാത്രേ പ്രസിദ്ധ് കൃഷ്ണയ്ക്ക് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ ഉര്‍വിൽ പട്ടേൽ പകരം ക്രീസിലെത്തി മികച്ചൊരു കൂട്ടുകെട്ട് കോൺവേയുമായി പടുത്തുയര്‍ത്തി. രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 63 റൺസാണ് നേടിയത്.
19 പന്തിൽ 37 റൺസ് നേടിയ പട്ടേലിനെ സായി കിഷോര്‍ പുറത്താക്കിയപ്പോള്‍ ശിവം ദുബേ 8 പന്തിൽ 17 റൺസ് നേടി പുറത്തായി. കോൺവേ 35 പന്തിൽ 52 റൺസ് നേടി പുറത്താകുമ്പോള്‍ 156/4 എന്ന നിലയിലായിരുന്ന ചെന്നൈയെ ഡെവാള്‍ഡ് ബ്രെവിസും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് 200 കടത്തിയത്.
39 പന്തിൽ നിന്ന് 74 റൺസ് നേടിയ ഈ കൂട്ടുകെട്ട് അവസാന പന്തിലാണ് തകര്‍ന്നത്. 23 പന്തിൽ 57 റൺസ് നേടിയ ബ്രെവിസിനെ പ്രസിദ്ധ് കൃഷ്ണയാണ് പുറത്താക്കിയത്. രവീന്ദ്ര ജഡേജ 21 റൺസുമായി പുറത്താകാതെ നിന്നു.