ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഇംഗ്ലീഷ് പ്രീമിയർ ലീഗിനെക്കാൾ (ഇപിഎൽ) മികച്ച ലീഗ് ആണെന്ന് പ്രസ്താവിച്ച് ശ്രേയസ് അയ്യർ. പഞ്ചാബ് കിംഗ്സ് ഇതിനകം പ്ലേഓഫിന് യോഗ്യത നേടിയതിന് ശേഷവും ജയ്പൂരിൽ നടന്ന ഉയർന്ന സ്കോറിംഗ് മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബിനെ തോൽപ്പിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“എനിക്ക് തോന്നുന്നത് ഈ ലീഗ് പ്രീമിയർ ലീഗിനെക്കാൾ വലുതാണെന്നാണ്,” അയ്യർ പറഞ്ഞു. “ഓരോ ടീമും ഒരുപോലെ ശക്തരാണ്. ഏത് ദിവസവും ആർക്കും ആരെയും തോൽപ്പിക്കാൻ കഴിയും.”
പ്ലേഓഫിൽ എത്തിയ ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, ഇപ്പോൾ പഞ്ചാബ് കിംഗ്സ് തുടങ്ങിയ ടീമുകൾ ഇതിനകം പുറത്തായ ടീമുകളോട് തോറ്റതിനെ അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഞങ്ങൾ ഞങ്ങളുടെ പദ്ധതികൾ നടപ്പാക്കുന്നതിൽ അച്ചടക്കം കാണിക്കാൻ ഫീൽഡിൽ ഞങ്ങൾക്ക് ആയില്ല. ആവശ്യമില്ലാത്ത അവസരങ്ങളിൽ ബൗൺസറുകൾ എറിഞ്ഞു,” അദ്ദേഹം മത്സരശേഷം പറഞ്ഞു.
പഞ്ചാബിന് ഒരു മത്സരം ബാക്കിനിൽക്കെ 17 പോയിന്റുകളുണ്ട്, ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാൻ അവർക്ക് മുംബൈ ഇന്ത്യൻസിനെതിരായ മത്സരം ജയിക്കേണ്ടത് അത്യാവശ്യമാണ്.