മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിം അലഹാന്ദ്രോ ഗാർണാച്ചോയോട് പുതിയ ക്ലബ്ബ് കണ്ടെത്താൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട. ദി അത്‌ലറ്റിക്കിൻ്റെ ഡേവിഡ് ഓർൻസ്റ്റീൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, പോർച്ചുഗീസ് പരിശീലകൻ അടുത്ത സീസണിലും താൻ തുടരുമെന്നും ഗാർണാച്ചോ ഇനി തൻ്റെ പദ്ധതികളുടെ ഭാഗമല്ലെന്നും ശനിയാഴ്ച കാരിംഗ്ടണിൽ വെച്ച് കളിക്കാരെ അറിയിച്ചു.

പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം ഫിനിഷിംഗിനാണ് യുണൈറ്റഡ് ഒരുങ്ങുന്നത്. അവർ നിലവിൽ അവസാന മത്സരത്തിന് മുൻപ് 16-ാം സ്ഥാനത്താണ്. യൂറോപ്പ ലീഗ് ഫൈനലിൽ ടോട്ടൻഹാമിനോടേറ്റ തോൽവി ഈ ദുരന്ത സീസണിൽ അവർക്ക് കൂടുതൽ ദുഃഖം നൽകി. ക്ലബ്ബിനോ ആരാധകർക്കോ താൻ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നഷ്ടപരിഹാരം കൂടാതെ താൻ ഒഴിയാമെന്ന് അമോറിം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ താൻ തുടരുമെന്ന് അദ്ദേഹം വ്യക്തമായി അറിയിച്ചിരിക്കുകയാണ്.
അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് വന്നതിന് ശേഷം യുണൈറ്റഡിനായി 144 മത്സരങ്ങളിൽ കളിക്കുകയും 26 ഗോളുകൾ നേടുകയും ചെയ്ത അർജൻ്റീനൻ വിംഗറെ യൂറോപ്പ ലീഗ് ഫൈനൽ മത്സരത്തിൽ ബെഞ്ചിലിരുത്തിയിരുന്നു. പിന്നീട് താരം തൻ്റെ നിരാശ മാധ്യമങ്ങളോട് പങ്കുവെക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അമോറിം താരം ക്ലബ് വിടണം എന്ന് അറിയിച്ചത്.