റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് (ആർസിബി) ഐപിഎൽ 2025 പ്ലേഓഫിന് മുന്നോടിയായി വലിയ തിരിച്ചടി. അവരുടെ മികച്ച ഫോമിലുള്ള ഫിനിഷർ ടിം ഡേവിഡിന് കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ അവസാന ലീഗ് മത്സരത്തിനിടെ ഹാംസ്ട്രിംഗ് പരിക്കേറ്റു.

ഡേവിഡ് ഡീപ് സ്ക്വയർ ലെഗിൽ ഫീൽഡ് ചെയ്യുമ്പോൾ ഒരു ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഡൈവ് ചെയ്ത ഉടൻ തന്നെ അദ്ദേഹം ഹാംസ്ട്രിംഗിൽ കൈവെച്ച് വേദനയോടെ പുറത്തേക്ക് നടന്നു.
പരിക്ക് ഉണ്ടായിരുന്നിട്ടും ഡേവിഡ് പിന്നീട് ബാറ്റ് ചെയ്യാൻ തിരിച്ചെത്തിയെങ്കിലും ഓടാൻ നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അദ്ദേഹം ഒരു റൺസ് മാത്രമാണ് നേടിയത്.
ഈ സീസണിൽ ആർസിബിയുടെ പ്രധാന കളിക്കാരിലൊരാളായിരുന്നു ഡേവിഡ്. 193.8 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 186 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ജേക്കബ് ബെഥേലും ലുങ്കി എൻഗിഡിയും അന്താരാഷ്ട്ര മത്സരങ്ങൾ കാരണം പ്ലേഓഫ് കളിക്കില്ല. ജോഷ് ഹേസൽവുഡ് ഇപ്പോഴും തോളിലെ പരിക്കിൽ നിന്ന് മോചിതനായി വരുന്നതേയുള്ളൂ. ഇതിനുപുറമെ ഡേവിഡിൻ്റെ പരിക്ക് കൂടെ വന്നത് ആർസിബിയുടെ ആശങ്ക വർദ്ധിപ്പിക്കുന്നു.