കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: മൂന്നാം വിജയവുമായി മലപ്പുറം പോയിൻ്റ് നിലയിൽ ഒന്നാം സ്ഥാനത്ത്

Newsroom

Picsart 25 05 20 21 30 57 632
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം : കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ മലപ്പുറത്തിനും ആലപ്പുഴയ്ക്കും വിജയം. കൂറ്റൻ സ്കോർ പിന്തുടർന്നായിരുന്നു ഇരു ടീമുകളുടെയും വിജയം. മലപ്പുറം തൃശൂരിനെ ഏഴ് വിക്കറ്റിന് തോല്പിച്ചപ്പോൾ, ആലപ്പുഴ കാസർഗോഡിനെ മൂന്ന് വിക്കറ്റിനാണ് തോല്പിച്ചത്. വിജയത്തോടെ മലപ്പുറം പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി.

1000183718

മലപ്പുറത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത തൃശൂരിന് ഓപ്പണർ കെ എ അരുണിൻ്റെയും ക്യാപ്റ്റൻ വിനോദ് കുമാറിൻ്റെയും അർദ്ധ സെഞ്ച്വറികളാണ് മികച്ച സ്കോർ സമ്മാനിച്ചത്. അരുൺ 52 പന്തുകളിൽ നിന്ന് 69 റൺസെടുത്തു. വിനോദ് കുമാർ 34 പന്തുകളിൽ 50 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ, അഞ്ച് പന്തുകളിൽ നിന്ന് ഒരു ഫോറും രണ്ട് സിക്സുമടക്കം 17 റൺസെടുത്ത ഷറഫുദ്ദീനും തൃശൂരിനായി തിളങ്ങി. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് തൃശൂർ നേടിയത്. മലപ്പുറത്തിനായി അഭിറാമും സിബിൻ ഗിരീഷും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മലപ്പുറത്തിന് ക്യാപ്റ്റൻ ആനന്ദ് കൃഷ്ണനും കൃഷ്ണനാരായണും ചേർന്നുള്ള 147 റൺസിൻ്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് കരുത്ത് പകർന്നത്. ആനന്ദ് 101ഉം കൃഷ്ണനാരായൺ 46ഉം റൺസ് നേടി. 53 പന്തുകളിൽ ഏഴ് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു ആനന്ദിൻ്റെ സെഞ്ച്വറി. ആനന്ദ് തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ചായും തെരഞ്ഞെടുക്കപ്പെട്ടത്. എട്ട് പന്തുകൾ ബാക്കി നില്ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മലപ്പുറം ലക്ഷ്യത്തിലെത്തി. തൃശൂരിന് വേണ്ടി നവനീത് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ടൂർണ്ണമെൻ്റിൽ തൃശൂരിൻ്റെ ആദ്യ തോൽവിയാണ് ഇത്.

രണ്ടാം മല്സരത്തിൽ അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിലായിരുന്നു ആലപ്പുഴയുടെ വിജയം. കാസർഗോഡ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്ക്കെയാണ് ആലപ്പുഴ മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത കാസർഗോഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു.സ്കോർ 27ൽ നില്ക്കെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി തകർച്ചയെ നേരിട്ട കാസർഗോഡിനെ അൻഫലും മൊഹമ്മദ് കൈഫും ചേർന്ന 126 റൺസ് കൂട്ടുകെട്ടാണ് മികച്ച സ്കോറിലെത്തിച്ചത്. അൻഫൽ 47 പന്തുകളിൽ നിന്ന് 80ഉം മൊഹമ്മദ് കൈഫ് 38 പന്തുകളിൽ നിന്ന് 51ഉം റൺസെടുത്തു.അവസാന ഓവറുകളിൽ എട്ട് പന്തുകളിൽ നിന്ന് 20 റൺസുമായി പുറത്താകാതെ നിന്ന തുഷാറിൻ്റെ പ്രകടനവും ശ്രദ്ധേയമായി. ആലപ്പുഴയ്ക്ക് വേണ്ടി കെ ജി അഖിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആലപ്പുഴയ്ക്ക് ഓപ്പണർമാരായ വിഷ്ണുരാജും ആകാശ് പിള്ളയും ചേർന്ന് അതിവേഗത്തിലുള്ള തുടക്കം നല്കി. വിഷ്ണുരാജ് 16 പന്തുകളിൽ 40 റൺസും ആകാശ് പിള്ള ഒൻപത് പന്തുകളിൽ നിന്ന് 29 റൺസും നേടി. ഇരുവരും വൈകാതെ പുറത്തായെങ്കിലും അഭിഷേക് നായരുടെയും കെ ജി അഖിലിൻ്റെയും മികച്ച ഇന്നിങ്സുകൾ ആലപ്പുഴയ്ക്ക് വിജയമൊരുക്കി. അഭിഷേക് 18 പന്തുകളിൽ നിന്ന് 31 റൺസെടുത്തപ്പോൾ അഖിൽ 50 റൺസുമായി പുറത്താകാതെ നിന്നു. കാസർഗോഡിന് വേണ്ടി മൊഹമ്മദ് ജസ്ലീലും അബ്ദുൾ ഫാഹിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ അഖിലാണ് കളിയിലെ താരം.