ഓപ്പണിംഗ് ഇറങ്ങി സെഞ്ച്വറി നേടി രാഹുൽ, ഡൽഹിയ്ക്ക് 199 റൺസ്

Sports Correspondent

Klrahul

ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 199 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. കെഎൽ രാഹുലിന്റെ മികവുറ്റ ബാറ്റിംഗ് പ്രകടനം ആണ് ഡൽഹിയെ 199/3 എന്ന സ്കോറിലേക്ക് എത്തിച്ചത്. രാഹുല്‍ പുറത്താകാതെ 112 റൺസുമായി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്ക്കായി കെഎൽ രാഹുലും ഫാഫ് ഡു പ്ലെസിയുമാണ് ഓപ്പണിംഗിനെത്തിയതെങ്കിലും ഫാഫിനെ ടീമിന് വേഗത്തിൽ നഷ്ടമായി. രാഹുലും അഭിഷേക് പോറലും ചേര്‍ന്ന് കരുതലോടെ ടീമിനെ പവര്‍പ്ലേയിൽ കൂടുതൽ വിക്കറ്റ് നഷ്ടപ്പെടാതെ മുന്നോട്ട് നയിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 45 റൺസാണ് ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

90 റൺസ് രണ്ടാം വിക്കറ്റിൽ രാഹുലും അഭിഷേക് പോറെലും ചേര്‍ന്ന് നേടിയപ്പോള്‍ സായി കിഷോര്‍ 19 പന്തിൽ 30 റൺസ് നേടിയ അഭിഷേക് പോറെലിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്തു.

അക്സര്‍ പട്ടേലും(25) രാഹുലും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 45 റൺസ് നേടിയപ്പോള്‍ നാലാം വിക്കറ്റിൽ 54 റൺസാണ് രാഹുലും സ്റ്റബ്സും ചേര്‍ന്ന് നേടിയത്. രാഹുല്‍ 65 പന്തിൽ 4 സിക്സും 14 ബൗണ്ടറിയും അടക്കം 112 റൺസ് നേടിയപ്പോള്‍ സ്റ്റബ്സ് 10 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു.