കെസിഎ പിങ്ക് ടി 20 വനിതാ ക്രിക്കറ്റ് കിരീടം പേൾസിന്

Newsroom

Img 20250515 Wa0026
Download the Fanport app now!
Appstore Badge
Google Play Badge 1

കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പേൾസ് ചാമ്പ്യന്മാർ. ഫൈനലിൽ എമറാൾഡിനെ പത്ത് റൺസിന് തോല്പിച്ചാണ് പേൾസ് കിരീടം ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ 81 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡ് 17.3 ഓവറിൽ 71 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. പേൾസിന് വേണ്ടി 16 റൺസെടുക്കുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത മൃദുല വി എസ് ആണ് പ്ലെയർ ഓഫ് ദി മാച്ച്.

1000178416

ഇരു ടീമുകളുടെയും ബാറ്റർമാർ നിരാശപ്പെടുത്തിയ മല്സരത്തിൽ ബൌളർമാരുടെ പ്രകടനമാണ് നിർണ്ണായകമായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പേൾസിന് തുടക്കം മുതൽ വിക്കറ്റുകൾ മുറയ്ക്ക് വീണു. 17 റൺസെടുത്ത നിയ നസ്നീൻ്റെയും 16 റൺസെടുത്ത മൃദുല വി എസിൻ്റെയും പ്രകടനമാണ് പേൾസിൻ്റെ സ്കോർ 81 വരെയെത്തിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ നജ്ല സിഎംസിയും രണ്ട് വിക്കറ്റെടുത്ത അലീന എം പിയുമാണ് എമറാൾഡിന് വേണ്ടി മികച്ച രീതിയിൽ പന്തെറിഞ്ഞത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡിന് അഞ്ച് റൺസെടുത്ത ഓപ്പണർ മാളവിക സാബുവിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. വൈഷ്ണയും നിത്യയും ചേർന്ന കൂട്ടുകെട്ട്
എമറാൾഡിന് പ്രതീക്ഷ നല്കിയെങ്കിലും സ്കോർ 35ൽ നില്ക്കെ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് തിരിച്ചടിയായി. വൈഷ്ണ 14ഉം നിത്യ 16ഉം ക്യാപ്റ്റൻ നജ്ല പൂജ്യത്തിനും പുറത്തായി. തുടർന്നെത്തിയവരിൽ 15 റൺസെടുത്ത അനുഷ്കയ്ക്ക് മാത്രമാണ് പിടിച്ചുനില്ക്കാനായത്. 71 റൺസിന് എമറാൾഡ് ഓൾ ഔട്ടായതോടെ പേൾസിനെ തേടി പത്ത് റൺസിൻ്റെ വിജയവും കീരിടവുമെത്തി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ഷാനിയാണ് പേൾസ് ബൌളിങ് നിരയിൽ തിളങ്ങിയത്. മൃദുല, കീർത്തി ജെയിംസ്, നിയ നസ്നീൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

221 റൺസും 15 വിക്കറ്റുകളും നേടി ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ എമറാൾഡ് ക്യാപ്റ്റൻ നജ്ല സിഎംസിയാണ് ടൂർണ്ണമെൻ്റിൻ്റെ താരം. സാഫയറിൻ്റെ ക്യാപ്റ്റൻ അക്ഷയ സദാനന്ദൻ ടൂർണ്ണമെൻ്റിലെ മികച്ച ബാറ്ററായും റൂബിയുടെ വിനയ സുരേന്ദ്രൻ മികച്ച ബൌളറായും തെരഞ്ഞെടുക്കപ്പെട്ടു. പേൾസിൻ്റെ 14 വയസ്സ് മാത്രം പ്രായമുള്ള കൌമാര താരം ആര്യനന്ദ എൻ എസ് ആണ് പ്രോമിസിങ് യങ്സ്റ്റർ പുരസ്ക്കാരത്തിന് അർഹയായത്. 172 റൺസും ഒൻപത് വിക്കറ്റും നേടി ബാറ്റിങ്ങിലും ബൌളിങ്ങിലും ഒരു പോലെ തിളങ്ങിയ മികവാണ് ആര്യനന്ദയെ പുരസ്കാരത്തിന് അർഹയാക്കിയത്.