എമറാൾഡും പേൾസും കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൻ്റെ ഫൈനലിൽ

Newsroom

Picsart 25 05 14 18 19 53 160
Download the Fanport app now!
Appstore Badge
Google Play Badge 1

കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൻ്റെ ഫൈനലിൽ എമറാൾഡും പേൾസും ഏറ്റുമുട്ടും. അവസാന മല്സരത്തിൽ പേൾസിനെ തോല്പിച്ച് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായാണ് എമറാൾഡ് ഫൈനലിലേക്ക് മുന്നേറിയത്. തോറ്റെങ്കിലും രണ്ടാം സ്ഥാനക്കാരായ പേൾസും ഫൈനലിലിടം പിടിച്ചു. തങ്ങളുടെ അവസാന മല്സരത്തിൽ സാഫയറിനെ തോല്പിച്ച് ആംബർ പോയിൻ്റ് നിലയിൽ പേൾസിന് ഒപ്പമെത്തിയിരുന്നു. എന്നാൽ മികച്ച റൺറേറ്റിൻ്റെ ആനുകൂല്യത്തിൽ പേൾസ് ഫൈനലിൽ സ്ഥാനം പിടിക്കുകയായിരുന്നു.

1000177606

സാഫയറിനെതിരെ നാല് വിക്കറ്റിനായിരുന്നു ആംബറിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സാഫയർ ആറ് വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്തു. ക്യാപ്റ്റൻ്റെ ഇന്നിങ്സ് കാഴ്ച വച്ച അക്ഷയ സദാനന്ദനും അനന്യ പ്രദീപുമാണ് സാഫയർ ബാറ്റിങ് നിരയിൽ തിളങ്ങിയത്. അക്ഷയ 51 പന്തുകളിൽ നിന്ന് 58ഉം അനന്യ 23ഉം റൺസെടുത്തു.ആംബറിന് വേണ്ടി ദർശന മോഹനനും ദേവനന്ദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബറിന് 44 റൺസ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ സജന സജീവിൻ്റെ ഇന്നിങ്സാണ് വിജയമൊരുക്കിയത്. അൻസു സുനിൽ 24ഉം ശീതൾ വി ജെ 20ഉം റൺസെടുത്തു. സാഫയറിന് വേണ്ടി മനസ്വി പോറ്റി മൂന്ന് വിക്കറ്റ് വീഴ്ത്തി. സജന സജീവനാണ് പ്ലെയർ ഓഫ് ദി മാച്ച്.

രണ്ടാം മല്സരത്തിൽ എമറാൾഡിനെതിരെ ബാറ്റിങ് തകർച്ച നേരിട്ട പേൾസ് 72 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അനുഷ്ക സി വിയുടെ ബൌളിങ് മികവാണ് പേൾസ് ബാറ്റിങ് നിരയെ തകർത്തത്. 17 റൺസെടുത്ത ദിവ്യ ഗണേഷാണ് പേൾസിൻ്റെ ടോപ് സ്കോറർ. എമറാൾഡിന് വേണ്ടി ക്യാപ്റ്റൻ നജ്ല നൌഷാദ് രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡ് 12ആം ഓവറിൽ തന്നെ ലക്ഷ്യത്തിലെത്തി. എമറാൾഡിന് വേണ്ടി ക്യാപ്റ്റൻ നജ്ല 20 റൺസ് നേടി. സായൂജ്യ സലിലൻ 17ഉം അലീന സുരേന്ദ്രൻ 14ഉം റൺസ് നേടി പുറത്താകാതെ നിന്നു. പേൾസിന് വേണ്ടി നിയ നസ്നീൻ രണ്ട് വിക്കറ്റ് വീഴ്ത്തി. നാളെ രാവിലെ പത്ത് മണിക്കാണ് എമറാൾഡും പേൾസും തമ്മിലുള്ള ഫൈനൽ.