ഈസ്റ്റ് ബംഗാൾ എഫ്സി എഡ്മണ്ട് ലാൽറിൻഡികയുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐ-ലീഗ് താരത്തിന് വേണ്ടി റെക്കോർഡ് ട്രാൻസ്ഫർ തുകയാണ് ക്ലബ്ബ് നൽകിയത് – ഏകദേശം ₹1.4 കോടി രൂപയോളമാണ് ട്രാൻസ്ഫർ തുക. നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് താരത്തിനായി രംഗത്ത് ഉണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

26-കാരനായ എഡ്മണ്ട് ലാൽറിൻഡിക മിസോറാം സ്വദേശിയാണ്. എഡ്മണ്ട് ലാൽറിൻഡിക മൂന്ന് വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. ആവശ്യമെങ്കിൽ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള വ്യവസ്ഥയുമുണ്ട്. ഈസ്റ്റ് ബംഗാളിലേക്കുള്ള വരവ് അദ്ദേഹത്തിന്റെ കരിയറിലെ ഒരു പ്രധാന നാഴികക്കല്ലാണ്. മുമ്പ് 2019-20 സീസണിൽ ലോണിൽ ഈസ്റ്റ് ബംഗാളിനായി രണ്ട് ഐ-ലീഗ് മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. അന്ന് മോഹൻ ബഗാനെതിരായ മത്സരത്തിൽ ഒരു അസിസ്റ്റും അദ്ദേഹം നേടിയിരുന്നു.
2024-25 സീസണിൽ ഐ-ലീഗിൽ ഇന്റർ കാശി എഫ്സിക്ക് വേണ്ടി മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. സൂപ്പർ കപ്പ് ക്വാർട്ടർ ഫൈനലിൽ എത്തിയ ഇന്റർ കാശിക്കായി 24 മത്സരങ്ങളിൽ നിന്ന് 5 ഗോളുകളും 6 അസിസ്റ്റുകളും അദ്ദേഹം നേടി. ഐ-ലീഗിൽ അവരുടെ ടീം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു.