ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 14 വയസ്സുള്ള മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ പോർച്ചുഗൽ അണ്ടർ 15 ടീമിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. ജപ്പാനെതിരായ സൗഹൃദ മത്സരത്തിൽ പോർച്ചുഗൽ 4-1 ന് വിജയിച്ച മത്സരത്തിൽ ആണ് ക്രിസ്റ്റ്യാനോ ജൂനിയർ ഇറങ്ങിയത്.

54-ാം മിനിറ്റിൽ കളത്തിലിറങ്ങിയ റൊണാൾഡോ ജൂനിയർക്ക് ഇത് കുടുംബത്തിന് അഭിമാനകരമായ നിമിഷമായിരുന്നു. “പോർച്ചുഗലിനായി അരങ്ങേറ്റം കുറിച്ചതിന് അഭിനന്ദനങ്ങൾ മകനേ. നിന്നെയോർത്ത് ഞാൻ വളരെയധികം അഭിമാനിക്കുന്നു.” റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ക്രൊയേഷ്യയിൽ നടക്കുന്ന വ്ലാട്‌കോ മാർക്കോവിച്ച് അന്താരാഷ്ട്ര ടൂർണമെന്റിലെ മത്സരത്തിൽ ബ്രാഗയുടെ യുവതാരം റാഫേൽ കാബ്രാൽ ഹാട്രിക് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.
നിലവിൽ സൗദി അറേബ്യയിലെ അൽ നാസറിന്റെ അക്കാദമിയിൽ കളിക്കുന്ന റൊണാൾഡോ ജൂനിയർ, യുവന്റസിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും യൂത്ത് ടീമിൽ മുമ്പ് കളിച്ചിട്ടുണ്ട്.
ടൂർണമെന്റിൽ പോർച്ചുഗൽ അണ്ടർ 15 ടീമിന്റെ അടുത്ത മത്സരങ്ങൾ ഗ്രീസിനും ഇംഗ്ലണ്ടിനുമെതിരെയാണ്, ഫൈനൽ ഞായറാഴ്ച നടക്കും.