കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ സാഫയറിനും എമറാൾഡിനും വിജയം

Newsroom

Picsart 25 05 08 17 41 22 222
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ തുടർച്ചയായ മൂന്നാം വിജയവുമായി സാഫയർ ടീം. പേൾസിനെ അഞ്ച് റൺസിനാണ് സാഫയർ തോല്പിച്ചത്. മറ്റൊരു മല്സരത്തിൽ എമറാൾഡ് അഞ്ച് വിക്കറ്റിന് റൂബിയെ തോല്പിച്ചു

1000170838

ബാറ്റിങ് നിര പരാജയപ്പെട്ടതോടെ തുടർച്ചയായ നാലാം മല്സരത്തിലും തോൽവി വഴങ്ങുകയായിരുന്നു റൂബി. ആദ്യം ബാറ്റ് ചെയ്ത റൂബീസിന് 20 ഓവറിൽ ഏഴ് വിക്കറ്റിന് 86 റൺസ് മാത്രമാണ് നേടാനായത്. 25 റൺസെടുത്ത ഓപ്പണർ അഷിമ ആൻ്റണിയും 24 റൺസെടുത്ത വിക്കറ്റ് കീപ്പർ എം അബിനയും മാത്രമാണ് റൂബി ബാറ്റിങ് നിരയിൽ തിളങ്ങിയത്. എമറാൾഡിന് വേണ്ടി നിയതി മഹേഷ് മൂന്നും അനുഷ്ക സി വി രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡ് 19 പന്തുകൾ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. 23 റൺസെടുത്ത ക്യാപ്റ്റൻ നജ്ല നൌഷാദാണ് എമറാൾഡിൻ്റെ ടോപ് സ്കോറർ.

രണ്ടാം മല്സരത്തിൽ പേൾസിനെതിരെ അഞ്ച് റൺസിനായിരുന്നു സാഫയറിൻ്റെ വിജയം. അവസാന ഓവർ വരെ ആവേശം നിറഞ്ഞ് നിന്ന മല്സരത്തിനൊടുവിലായിരുന്നു സാഫയർ ജയിച്ചു കയറിയത്. ആദ്യം ബാറ്റ് ചെയ്ത സാഫയർ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തു. 66 റൺസെടുത്ത ക്യാപ്റ്റൻ അക്ഷയ സദാനന്ദനാണ് സാഫയറിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 51 പന്തുകളിൽ നാല് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു അക്ഷയയുടെ ഇന്നിങ്സ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പേൾസ് ബാറ്റിങ് നിരയിൽ 39 റൺസുമായി പുറത്താകാതെ നിന്ന ആര്യനന്ദ മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. ഒരറ്റത്ത് ഉറച്ച് നിന്ന ആര്യനന്ദ അവസാന ഓവർ വരെ പേൾസിന് പ്രതീക്ഷ നല്കി. എന്നാൽ മറുവശം തകർന്നടിഞ്ഞതോടെ പേൾസ് 19.5 ഓവറിൽ 105 റൺസിന് ഓൾ ഔട്ടായി. സാഫയറിന് വേണ്ടി പവിത്ര ആർ നായർ മൂന്ന് വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ എമറാൾഡ് നാല് പോയിൻ്റുമായിപട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ആറ് പോയിൻ്റുള്ള സാഫയറാണ് ഒന്നാം സ്ഥാനത്തുള്ളത്.