ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചതിന് ശേഷം സംസാരിക്കവെ, 43 കാരനായ ഇതിഹാസ താരം എംഎസ് ധോണി തന്റെ ഐപിഎൽ ഭാവിയെ കുറിച്ചുള്ള ചർച്ചകളിൽ ഉത്തരം പറഞ്ഞു. വിരമിക്കൽ ഇപ്പോൾ തീരുമാനിക്കാൻ സമയമായിട്ടില്ലെന്നും അടുത്ത 6-8 മാസത്തെ ഫിറ്റ്നസ് അനുസരിച്ച് തീരുമാനിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.

“ഞാൻ എന്റെ കരിയറിൻ്റെ അവസാന ഘട്ടത്തിലാണെന്ന യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടാനാവില്ല,” മത്സരശേഷം ധോണി പറഞ്ഞു. “ഈ ഐപിഎൽ കഴിഞ്ഞാൽ, എൻ്റെ ശരീരം ഈ സമ്മർദ്ദം താങ്ങുമോ എന്ന് നോക്കാൻ എനിക്ക് അടുത്ത 6-8 മാസത്തേക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും.”
2023 ൽ കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ ധോണി, ഇപ്പോഴും പൂർണ്ണ ഫിറ്റ്നസ്സിലല്ല കളിക്കുന്നത്. ഇനി കൂടുതൽ നേരം ബാറ്റ് ചെയ്യാൻ ധോണിക്ക് കഴിയില്ലെന്ന് സിഎസ്കെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് നേരത്തെ സമ്മതിച്ചിരുന്നു.
“ഞാൻ 43 വയസ്സുള്ളയാളാണെന്ന കാര്യം മറക്കരുത്. ഞാൻ ഒരുപാട് കാലം കളിച്ചു. എൻ്റെ അവസാന മത്സരം എപ്പോഴായിരിക്കുമെന്ന് പല ആരാധകർക്കും അറിയില്ല, അതുകൊണ്ടാണ് അവർ കളിക്കുന്നത് കാണാൻ വരുന്നത്” ധോണി പറഞ്ഞു.