പാരീസിൽ നടന്ന സെമി ഫൈനൽ രണ്ടാം പാദത്തിൽ ആഴ്സണലിനെ 2-1നും അഗ്രഗേറ്റിൽ 3-1നും തോൽപ്പിച്ച് പാരീസ് സെന്റ്-ജെർമെയ്ൻ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇടം നേടി.

കളിയുടെ 27-ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെ പിഎസ്ജി ഇന്ന് ലീഡ് നേടി. ഒരു ഫ്രീകിക്ക് പ്രതിരോധക്കാർ ക്ലിയർ ചെയ്തപ്പോൾ ലഭിച്ച പന്ത് റൂയിസ് ഇടങ്കാൽ ഷോട്ടിലൂടെ റായയെ മറികടന്ന് വലയിലെത്തിക്കുക ആയിരുന്നു. ഡെക്ലാൻ റൈസിനും മാർട്ടിനെല്ലിക്കും തുടക്കത്തിൽ അവസരങ്ങൾ ലഭിച്ചെങ്കിലും ആഴ്സണലിൻ്റെ മികച്ച തുടക്കം ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞില്ല.
രണ്ടാം പകുതി നാടകീയ സംഭവങ്ങൾ നിറഞ്ഞതായിരുന്നു. 72-ാം മിനിറ്റിൽ അഷ്റഫ് ഹക്കീമി ക്വാറത്സ്ഖേലിയയുടെയും ഡെംബെലെയുടെയും മികച്ച മുന്നേറ്റത്തിനൊടുവിൽ ഗോൾ നേടിയതോടെ പിഎസ്ജി ലീഡ് ഇരട്ടിയാക്കി. ഇതിന് തൊട്ടുമുമ്പ്, ലൂയിസ്-സ്കെല്ലിയുടെ ഹാൻഡ്‌ബോളിന് വാർ പെനാൽറ്റി വിധിച്ചിരുന്നു. എന്നാൽ വിറ്റിൻഹയ്ക്ക് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല.
എന്നാൽ ആഴ്സണൽ പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല. 76-ാം മിനിറ്റിൽ ബുക്കായോ സാക്ക അവർക്ക് ഒരു പ്രതീക്ഷ നൽകി. ട്രോസ്സാർഡിൻ്റെ വഴിതിരിച്ചുവിട്ട ക്രോസ് ബോക്സിൽ ആശയക്കുഴപ്പമുണ്ടാക്കിയതിനെത്തുടർന്ന് ലഭിച്ച പന്ത് രണ്ടാം ശ്രമത്തിൽ സാക്ക വലയിലേക്ക് തട്ടിയിട്ടു. പിന്നീട് നാല് മിനിറ്റിനുള്ളിൽ സാക്കയ്ക്ക് ഒരു സുവർണ്ണാവസരം ലഭിച്ചെങ്കിലും ക്ലോസ് റേഞ്ചിൽ നിന്ന് അദ്ദേഹമത് പുറത്തേക്ക് അടിച്ചു കളഞ്ഞു.
ആഴ്സണൽ ആക്രമണം ശക്തമാക്കാൻ മാറ്റങ്ങൾ വരുത്തിയെങ്കിലും പിഎസ്ജി അവസാന നിമിഷങ്ങൾ നന്നായി ഡിഫൻഡ് ചെയ്തു. ഗോൾവലയ്ക്ക് മുന്നിൽ ഡൊണാരുമ്മയുടെ മികച്ച പ്രകടനം പിഎസ്ജിക്ക് വിജയം ഉറപ്പാക്കി.
ലൂയിസ് എൻറിക്വെയുടെ ടീം അവരുടെ ചരിത്രത്തിലെ രണ്ടാമത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് മുന്നേറിയപ്പോൾ, മിക്കൽ ആർട്ടെറ്റയുടെ ആഴ്സണൽ നഷ്ടപ്പെട്ട അവസരങ്ങളെ ഓർത്ത് നിരാശപ്പെടേണ്ടിവരും.