കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ സാഫയറിനും ആംബറിനും വിജയം

Newsroom

Picsart 25 05 06 17 28 26 169
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ സാഫയറിനും ആംബറിനും വിജയം. ആദ്യ മല്സരത്തിൽ സാഫയർ എമറാൾഡിനെ നാല് വിക്കറ്റിന് തോല്പിച്ചപ്പോൾ, രണ്ടാം മല്സരത്തിൽ റൂബിക്കെതിരെ 40 റൺസിനായിരുന്നു ആംബറിൻ്റെ വിജയം.

1000168199

സാഫയറിനെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാൾഡിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണർ മാളവിക സാബുവും ക്യാപ്റ്റൻ നജ്ല നൌഷാദും മാത്രമാണ് എമറാൾഡ് ബാറ്റിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മാളവിക 26ഉം നജ്ല 21ഉം റൺസെടുത്തു. സാഫയറിന് വേണ്ടി ഐശ്വര്യ എ കെ മൂന്നും അനശ്വര സന്തോഷ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സാഫയറിന് തുടരെ വിക്കറ്റുകൾ നഷ്ടമായെങ്കിലും മധ്യനിര ബാറ്റർ ഗോപികയുടെ തകർപ്പൻ ഇന്നിങ്സാണ് വിജയമൊരുക്കിയത്. 16 പന്തുകളിൽ രണ്ട് ഫോറും മൂന്ന് ഫോറുമടക്കം 35 റൺസുമായി പുറത്താകാതെ നിന്ന ഗോപികയാണ് പ്ലെയർ ഓഫ് ദി മാച്ചായും തെരഞ്ഞെടുക്കപ്പെട്ടത്. ഏഴ് പന്തുകൾ ബാക്കി നില്ക്കെ സാഫയർ ലക്ഷ്യത്തിലെത്തി. എമറാൾഡിന് വേണ്ടി നജ്ല രണ്ട് വിക്കറ്റ് വീഴ്ത്തി.

രണ്ടാം മല്സരത്തിൽ ആംബർ 40 റൺസിനാണ് റൂബിയെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആംബർ 20 ഓവറിൽ അഞ്ച് വിക്കറ്റുമായി 125 റൺസെടുത്തു. ക്യാപ്റ്റൻ്റെ ഇന്നിങ്സുമായി കളം നിറഞ്ഞ സജന സജീവനും അൻസു സുനിലുമാണ് ആംബറിനെ മികച്ച സ്കോറിൽ എത്തിച്ചത്. സജന 39 പന്തുകളിൽ നിന്ന് 54ഉം അൻസു 52 പന്തുകളിൽ നിന്ന് 45ഉം റൺസെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ വിനയ സുരേന്ദ്രനാണ് റൂബി ബൌളിങ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റൂബി ബാറ്റിങ് നിരയിൽ 31 റൺസെടുത്ത ഓപ്പണർ അഖില മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. സൌരഭ്യ 18 റൺസെടുത്തു. മറ്റ് ബാറ്റർമാരെല്ലാം രണ്ടക്കം പോലും കടക്കാതെ മടങ്ങിയതോടെ റൂബിയുടെ മറുപടി എട്ട് വിക്കറ്റിന് 85 റൺസെന്ന നിലയിൽ അവസാനിച്ചു. ആംബറിന് വേണ്ടി അക്സ എ ആർ മൂന്നും ദർശന മോഹനൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. സജന സജീവനാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.