ഇന്റർ മിലാനെതിരായ നിർണായക ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ബാഴ്സലോണയുടെ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ബെഞ്ചിൽ ഉണ്ടാകും എന്ന് പരിശീലകൻ ഹാൻസി ഫ്ലിക്ക് തിങ്കളാഴ്ച സ്ഥിരീകരിച്ചു. സെൽറ്റാ വിഗോയ്ക്കെതിരായ മത്സരത്തിൽ ഹാംസ്ട്രിംഗ് പരിക്ക് മൂലം കളത്തിന് പുറത്തായിരുന്ന പോളിഷ് താരം, കാറ്റലോണിയയിൽ നടന്ന ത്രില്ലിംഗ് 3-3 സമനിലയിൽ കളിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സാൻ സിറോയിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിനുള്ള ടീമിൽ ഉൾപ്പെടുത്താൻ താരം ഫിറ്റാണ് എന്ന് കോച്ച് പറഞ്ഞു.

“അവൻ ഇപ്പോൾ സുഖമായിരിക്കുന്നു, പ്രതീക്ഷിച്ചതിലും വളരെ മികച്ച നിലയിലാണ്, ബെഞ്ചിലിരിക്കാൻ തയ്യാറാണ്. ഞങ്ങൾക്ക് ആവശ്യമെങ്കിൽ അവൻ കളത്തിലിറങ്ങും” ഫ്ലിക്ക് പറഞ്ഞു.
ഈ സീസണിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി 40 ഗോളുകൾ നേടിയ ലെവൻഡോവ്സ്കിയുടെ തിരിച്ചുവരവ് ബാഴ്സലോണക്ക് ഒരു വലിയ ആശ്വാസമാണ്. മിലാനിൽ വിജയിക്കുകയാണെങ്കിൽ അവർക്ക് മ്യൂണിച്ചിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കാം. ആദ്യം പാദം 3-3 എന്ന നിലയിൽ അവസാനിച്ചിരുന്നു.