ഓൾറൗണ്ടർ ആന്ദ്രെ റസ്സൽ കുറഞ്ഞത് ആറ് വർഷം കൂടി ഐപിഎല്ലിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സ്പിന്നർ വരുൺ ചക്രവർത്തി വെളിപ്പെടുത്തി. 37 കാരനായ റസ്സൽ ഇന്നലെ 25 പന്തിൽ പുറത്താകാതെ 57 റൺസ് നേടി, ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ കെകെആറിന് നിർണായക വിജയം സമ്മാനിച്ചിരുന്നു.
ആറ് സിക്സറുകളും നാല് ബൗണ്ടറികളും ഉൾപ്പെടുന്നതായിരുന്നു റസ്സലിന്റെ ഇന്നിംഗ്സ്. ഐപിഎൽ 2025 സീസണിലെ അദ്ദേഹത്തിന്റെ ആദ്യ അർധസെഞ്ചുറിയാണിത്.

റസ്സലിന്റെ കായികക്ഷമതയെയും മാനസികാവസ്ഥയെയും ചക്രവർത്തി പ്രശംസിച്ചു. “അവൻ ഇപ്പോഴും ഐപിഎല്ലിന്റെ രണ്ട് മൂന്ന് സൈക്കിളുകൾ കൂടി കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്. നിങ്ങൾ സംഭാവന നൽകുന്നിടത്തോളം കാലം നിങ്ങളുടെ പ്രായം ഒരു പ്രശ്നമല്ല,” വരുൺ പറഞ്ഞു.
“അവന് സ്പിന്നിനെ തകർക്കാൻ കഴിയും – ഞങ്ങൾ അത് കണ്ടിട്ടുണ്ട്. ഇന്ന് അവൻ വ്യത്യസ്തവും ബുദ്ധിപരവുമായ ഒരു സമീപനമാണ് സ്വീകരിച്ചത്,” വരുൺ കൂട്ടിച്ചേർത്തു.