പരിക്കേറ്റ സ്മരൺ രവിചന്ദ്രന് പകരമായി വിദർഭയിൽ നിന്നുള്ള ഓൾറൗണ്ടറായ ഹാർഷ് ദുബെയെ ഐപിഎൽ 2025 സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾക്കായി സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെടുത്തു. മെയ് 5 ന് ഐപിഎൽ ഔദ്യോഗികമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച താരമാണ് ദുബെ. വിവിധ ഫോർമാറ്റുകളിലായി 127 വിക്കറ്റുകളും 941 റൺസും അദ്ദേഹം നേടിയിട്ടുണ്ട്. 20 ലിസ്റ്റ് എ മത്സരങ്ങളിലും 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 16 ടി20 മത്സരങ്ങളും കളിച്ചു. ഈ കഴിഞ്ഞ രഞ്ജി ട്രോഫിയിൽ 69 വിക്കറ്റുകൾ നേടി ഒരു രഞ്ജി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുക്കുന്ന താരം എന്ന റെക്കോർഡ് കുറിച്ചിരുന്നു.
അദ്ദേഹത്തിന്റെ ഓൾറൗണ്ട് മികവ്, ലീഗിലെ തങ്ങളുടെ മുന്നേറ്റം തുടരുന്ന എസ്ആർഎച്ച് ടീമിന് ഒരു മുതൽക്കൂട്ട് ആകും. 24 കാരനായ ദുബെയെ 30 ലക്ഷം രൂപയ്ക്കാണ് ടീമിലെടുത്തിരിക്കുന്നത്. എസ്ആർഎച്ച് ടീമിന്റെ ബൗളിംഗ് വിഭാഗത്തിനും താഴെ ഓർഡർ ബാറ്റിംഗിനും അദ്ദേഹം കൂടുതൽ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു.