നാപ്പോളി തങ്ങളുടെ സീരി എ കിരീടത്തിലേക്കുള്ള യാത്രയിൽ ഒരു നിർണായക ജയം കൂടെ നേടി. ഇന്ന് നടന്ന മത്സരത്തിൽ ലീഗിൽ വിഷമിക്കുന്ന ലെച്ചെയെ 1-0ന് തോൽപ്പിച്ച് അവർ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്റർ മിലാനെക്കാൾ ആറ് പോയിന്റ് ലീഡ് നേടി. ഇന്റർ മിലാന്റെ ഒരു മത്സരം കുറവാണ്.

ജിയാകോമോ റാസ്പഡോരിയുടെ 24-ാം മിനിറ്റിലെ കൃത്യതയാർന്ന ഫ്രീകിക്ക് ആണ് സ്റ്റാഡിയോ വയ ഡെൽ മാരെയിൽ ലീഗിലെ ഒന്നാം സ്ഥാനക്കാർക്ക് ഒരു വിജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ നാപ്പോളിക്കായിരുന്നു കൂടുതൽ നിയന്ത്രണം. രണ്ടാം പകുതിയിൽ ലെച്ചെ ശക്തമായി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, നാപ്പോളിയുടെ ഗോൾകീപ്പർ അലക്സ് മെറെറ്റ് ഉറച്ചുനിന്നു. ഇത് നാപ്പോളിയുടെ തുടർച്ചയായ നാലാം വിജയമാണ്.
ഇനി മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കെ, അന്റോണിയോ കോണ്ടെയുടെ ടീം സ്കുഡെറ്റോ നേടാനാകുമെന്ന വിശസത്തിലാണ്.