ഐപിഎലില്‍ സൺറൈസേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 224 റൺസ് നേടി ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനായി ടോപ് ഓര്‍ഡര്‍ താരങ്ങളുടെ മികവുറ്റ ബാറ്റിംഗാണ് ഈ കൂറ്റന്‍ സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. 6 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ഈ സ്കോര്‍ നേടിയത്.
മികച്ച ബാറ്റിംഗ് പ്രകടനം ആണ് ഗുജറാത്ത് ഓപ്പണര്‍മാര്‍ ടീമിനായി കാഴ്ചവെച്ചത്. രണ്ടാം ഓവര്‍ എറിഞ്ഞ ജയ്ദേവ് ഉനഡ്കട് മാത്രമാണ് പവര്‍പ്ലേയിൽ റൺ അധികം വഴങ്ങാതെ ബൗള്‍ ചെയ്തത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 82 റൺസാണ് വിക്കറ്റ് നഷ്ടമില്ലാതെ ഗുജറാത്ത് നേടിയത്.
എന്നാൽ പവര്‍പ്ലേയ്ക്ക് ശേഷമുള്ള ആദ്യ ഓവറിൽ തന്നെ സായി സുദര്‍ശനെ പുറത്താക്കി സീഷന്‍ അന്‍സാരി സൺറൈസേഴ്സിന് ആദ്യ ബ്രേക്ക്ത്രൂ നൽകി. 23 പന്തിൽ 48 റൺസാണ് സായി സുദര്ശന് നേടിയത്. 87 റൺസാണ് ഒന്നാം വിക്കറ്റിൽ ഗുജറാത്ത് ഓപ്പണര്‍മാര്‍ നേടിയത്.
സുദര്ശന് പുറത്തായ ശേഷം എത്തിയ ജോസ് ബട്ലറും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ഗുജറാത്ത് 9ാം ഓവറിൽ നൂറ് റൺസിലേക്ക് എത്തി. 37 പന്തിൽ 62 റൺസ് നേടിയ ഈ കൂട്ടുകെട്ട് റണ്ണൗട്ട് രൂപത്തിലാണ് അവസാനിക്കുന്നത്. 38 പന്തിൽ 76 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെയാണ് ഗുജറാത്തിന് നഷ്ടമായത്.
ബട്ലറും വാഷിംഗ്ടൺ സുന്ദറും ഗുജറാത്തിനെ മുന്നോട്ട് നയിച്ചപ്പോള്‍ 31 പന്തിൽ നിന്ന് ബട്ലര് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. 57 റൺസ് കൂട്ടുകെട്ടിനെ ജോസ് ബട്ലറെ പുറത്താക്കി പാറ്റ് കമ്മിന്‍സ് ആണ് തകര്‍ത്തത്. 37 പന്തിൽ നിന്ന് 64 റൺസാണ് ബട്ലര് നേടിയത്.
വാഷിംഗ്ടൺ സുന്ദര്‍ 21 റൺസും ഷാരൂഖ് ഖാന്, രാഹുല്‍ തെവാത്തിയ എന്നിവര്‍ ഓരോ സിക്സും നേടിയപ്പോള്‍ ഗുജറാത്ത് 224 റൺസിലേക്ക് എത്തി. അവസാന ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ജയ്ദേവ് ഉനഡ്കട് സൺറൈസേഴ്സ് നിരയിൽ തിളങ്ങി.