ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശുമായുള്ള അതിർത്തിയിലെ രാഷ്ട്രീയ സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ വരാനിരിക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് പര്യടനവും 2025ലെ ഏഷ്യാ കപ്പിലെ പങ്കാളിത്തവും ഇപ്പോൾ സംശയത്തിൽ ആണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ പാകിസ്ഥാനുമായുള്ള എല്ലാ ഉഭയകക്ഷി ക്രിക്കറ്റ് ബന്ധങ്ങളും നിർത്തിവച്ചിരിക്കുകയാണ്. വിരമിച്ച ബംഗ്ലാദേശ് സൈനിക ഓഫീസർ എഎൽഎം ഫസലുർ റഹ്മാന്റെ വിവാദ പരാമർശങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കി. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കെതിരെ ചൈനയുമായി ചേർന്ന് സൈനിക നടപടി സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യ ബംഗ്ലാദേശിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇതിനുശേഷം സെപ്റ്റംബറിൽ നിഷ്പക്ഷ വേദിയിൽ ഏഷ്യാ കപ്പ് നടക്കാനിരിക്കുകയാണ്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ രണ്ട് ടൂർണമെന്റുകളും മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്.