യൂറോപ്പ കോൺഫറൻസ് ലീഗ് ഫൈനലിലേക്ക് ഒരു ചുവടു കൂടി അടുത്ത് ചെൽസി. ഇന്ന് നടന്ന സെമിഫൈനൽ ആദ്യ പാദ മത്സരത്തിൽ സ്വീഡിഷ് ക്ലബ്ബായ ജുഗാർഡനെ അവരുടെ ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ചെൽസി മുൻതൂക്കം നേടിയത്. ഈ വലിയ വിജയം രണ്ടാം പാദ മത്സരത്തിന് മുൻപേ തന്നെ ചെൽസിക്ക് വലിയ ആത്മവിശ്വാസം നൽകും. രണ്ടാം പാദ മത്സരം അടുത്ത ആഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കും.

ഇന്നത്തെ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ചെൽസി രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. മത്സരത്തിന്റെ 12-ാം മിനിറ്റിൽ സാഞ്ചോയാണ് ചെൽസിക്കായി ആദ്യ ഗോൾ നേടിയത്. എൻസോ ഫെർണാണ്ടസിന്റെ മികച്ച അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. പിന്നാലെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്പ്, 43-ാം മിനിറ്റിൽ മധുവേകയും ഗോൾ വല കുലുക്കി. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് എൻസോ തന്നെയായിരുന്നു.
രണ്ടാം പകുതിയിൽ ചെൽസിയുടെ മുന്നേറ്റം തുടർന്നു. 59-ാം മിനിറ്റിലും 65-ാം മിനിറ്റിലുമായി നിക്ലസ് ജാക്സൺ നേടിയ ഇരട്ട ഗോളുകൾ ചെൽസിയുടെ വിജയം കൂടുതൽ ഉറപ്പിച്ചു. എവേ മത്സരത്തിൽ ഇത്ര വലിയ വിജയം നേടിയതോടെ ചെൽസി ഫൈനലിൽ എത്താനുള്ള സാധ്യത വർധിച്ചു.