യൂറോപ്പ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ തകർപ്പൻ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് സ്പെയിനിൽ ചെന്ന് അത്ലറ്റിക് ബിൽബാവോയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് വിജയിച്ചത്.

ഇന്ന് മത്സരത്തിന്റെ തുടക്കത്തിലെ അത്ലറ്റിക് ക്ലബിന്റെ സമ്മർദ്ദം അതിജീവിച്ച റൂബൻ അമോറിമിന്റെ ക്ലബ് 30ആം മിനുറ്റിൽ കസെമേറോയിലൂടെ ലീഡ് എടുത്തു. ഇതിനു ശേഷം യുണൈറ്റഡ് കളിയുടെ നിയന്ത്രണവും ഏറ്റെടുത്തു. ഹാരി മഗ്വയറിന്റെ മനോഹരമായ വിംഗ് പ്ലേ ആണ് ആദ്യ ഗോളിനായുള്ള അവസരം ഒരുക്കിയത്.
മഗ്വയർ വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ഉഗാർതഎ ഗോൾ മുഖത്തേക്ക് തിരിച്ചുവിട്ടു അത് ഒരു ഡൈവിംഗ് ഹെഡറിലൂടെ കസെമിറോ വലയിലാക്കി. സ്കോർ 1-0. ഇതിനു ശേഷം കളി ആകെ മാറി.
35ആം മിനുറ്റിൽ ഹിയ്ലുണ്ടിനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് യുണൈറ്റഡിന് അനുകൂലമായി ഒരു പെനാലിറ്റിയും ഒപ്പം ബിൽബാവോ ഡിഫൻഡർ വിവിയന് ചുവപ്പ് കാർഡും ലഭിച്ചു. പെനാൽറ്റി അനായാസം ബ്രൂണോ ഫെർണാണ്ടസ് വലയിൽ എത്തിച്ചു. സ്കോർ 2-0.

ആദ്യ പകുതി അവസാനിക്കും മുമ്പ് ബ്രൂണോ ഫെർണാണ്ടസ് വീണ്ടും വലകുലുക്കി. ഇത്തവണ ഉഗാർതെയുടെ ഒരു ബാക്ക് ഹീൽ പാസ് സ്വീകരിച്ച് ഗോൾ പോസ്റ്റിന്റെ വലതു മൂലയിലേക്ക് ബ്രൂണോയുടെ ഫിനിഷ്. സ്കോർ 3-0.
രണ്ടാം പകുതിയിൽ കൂടുതൽ ഗോൾ നേടാൻ ആയില്ല എന്നത് മാത്രം ആകും ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിരാശ. രണ്ടാം പകുതിയിൽ കസെമിറോയുടെ ഒരു ഹെഡർ പോസ്റ്റിൽ തട്ടിയത് ഒഴിച്ചാൽ ഗോളിനോട് അടുക്കാൻ യുണൈറ്റഡിനായില്ല.