ഇന്റർ മിലാൻ പരിശീലകൻ സിമോൺ ഇൻസാഗിക്കും മിഡ്ഫീൽഡർ ഹക്കാൻ ചാഹാനോഗ്ലുവിനും ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ (FIGC) ഒരു മത്സരത്തിൽ വിലക്ക് ഏർപ്പെടുത്തി. ക്ലബ്ബിൻ്റെ ആരാധകരായ ‘കുർവ നോർഡ്’ അൾട്രാസ് ഉൾപ്പെടെയുള്ള അംഗീകാരമില്ലാത്ത ആരാധക ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്നാണ് നടപടി.
കഴിഞ്ഞ സെപ്റ്റംബറിൽ 19 അൾട്രാസ് അറസ്റ്റിലായതിനെ തുടർന്നുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് ഈ നടപടി. അറസ്റ്റിലായ പലർക്കും ‘എൻഡ്രാങ്കെറ്റ’ മാഫിയയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇതിൻ്റെ ഫലമായി ഇൻസാഗിക്ക് വെറോണക്കെതിരായ ഇന്ററിൻ്റെ അടുത്ത സീരി എ മത്സരം നഷ്ടമാകും. ചാൽഹാനോഗ്ലുവും കളിക്കില്ല. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്റർ, ഒന്നാം സ്ഥാനത്തുള്ള നാപ്പോളിയെക്കാൾ മൂന്ന് പോയിന്റ് പിന്നിലാണ്. ക്ലബ്ബിന് 70,000 യൂറോ പിഴയും FIGC ചുമത്തിയിട്ടുണ്ട്. ‘കുർവ സുഡ്’ അൾട്രാസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട എസി മിലാന് 30,000 യൂറോയാണ് പിഴ.
ഈ ശിക്ഷാ നടപടികൾ ഒത്തുതീർപ്പിൻ്റെ ഫലമാണെന്ന് FIGC സ്ഥിരീകരിച്ചു. കൂടാതെ ചാൽഹാനോഗ്ലുവിന് 30,000 യൂറോയും ഇൻസാഗിക്ക് 15,000 യൂറോയും ഇന്റർ വൈസ് പ്രസിഡൻ്റ് ഹാവിയർ സനെറ്റിക്ക് 14,500 യൂറോയും പിഴ ചുമത്തിയിട്ടുണ്ട്.