ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസർ എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ നിന്ന് പുറത്തായി. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ ജാപ്പനീസ് ക്ലബ്ബായ കവസാക്കി ഫ്രോണ്ടേലിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അൽ-നാസറിൻ്റെ തോൽവി.
90 മിനിറ്റും ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചെങ്കിലും ടീമിനെ രക്ഷിക്കാൻ അദ്ദേഹത്തിനായില്ല.

മത്സരത്തിൻ്റെ പത്താം മിനിറ്റിൽ ഇറ്റോയിലൂടെ കവസാക്കിയാണ് ആദ്യം ലീഡ് നേടിയത്. 28-ാം മിനിറ്റിൽ മാനെയിലൂടെ അൽ-നാസർ തിരിച്ചടിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഒസേകിയുടെ ഗോളിലൂടെ കവസാക്കി വീണ്ടും ലീഡ് നേടി (2-1).
രണ്ടാം പകുതിയിൽ 76-ാം മിനിറ്റിൽ ലനാഗ ഒരു കൗണ്ടർ അറ്റാക്കിലൂടെ കവസാക്കിയുടെ ലീഡ് 3-1 എന്നാക്കി ഉയർത്തി. 87-ാം മിനിറ്റിൽ യഹ്യ ഒരു ഗോൾ നേടിയതോടെ സ്കോർ 3-2 ആയി ചുരുങ്ങി അവസാന നിമിഷങ്ങളിൽ മത്സരം ആവേശകരമായി. എന്നാൽ അവസാന നിമിഷം സാദിയോ മാനെക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലഭിച്ച വലിയ അവസരങ്ങൾ നഷ്ടമായത് അൽ-നാസറിന് തിരിച്ചടിയായി.
അൽ-അഹ്‌ലിയും കവസാക്കിയും തമ്മിലാകും ഫൈനലിൽ ഏറ്റുമുട്ടുക.