എഫ്‌സി ഗോവ രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെ 3-1ന് തോൽപ്പിച്ച് കലിംഗ സൂപ്പർ കപ്പ് ഫൈനലിൽ പ്രവേശിച്ചു. ഭുവനേശ്വറിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും രണ്ടാം പകുതിയിൽ ഗോവ തകർപ്പൻ കളി പുറത്തെടുത്ത് വിജയം സ്വന്തമാക്കി.

20-ാം മിനിറ്റിൽ ഫലം കണ്ടു ബോർജ ഹെറേരയുടെ കോർണറിൽ നിന്ന് ബ്രിസൺ ഫെർണാണ്ടസ് ഗോൾ നേടി ഗോവയ്ക്ക് ലീഡ് നൽകി. എന്നാൽ ഈ ലീഡ് അധികനേരം നീണ്ടുനിന്നില്ല. മൂന്ന് മിനിറ്റിനുള്ളിൽ ആശിഖ് കുരുണിയന്റെ മികച്ച മുന്നേറ്റവും ക്രോസും ബോക്സിനുള്ളിൽ സുഹൈൽ ഭട്ടിനെ കണ്ടെത്തി, താരം ഗോൾ നേടി സമനില പിടിച്ചു.
രണ്ടാം പകുതിയിൽ ഗോവ കൂടുതൽ മികച്ച കളി പുറത്തെടുത്തു. ബ്രിസൺ ഫെർണാണ്ടസ് വീണ്ടും നിർണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ മുന്നേറ്റവും ത്രൂ ബോളും ഡെജാൻ ഡ്രാസിക്കിന് ഗോൾ നേടാൻ അവസരം നൽകിയെങ്കിലും ലക്ഷ്യം കണ്ടില്ല. തൊട്ടുപിന്നാലെ ഡ്രാസിക്കിനെ ധീരജ് സിംഗ് ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഐകർ ഗ്വാറോട്ടെക്സ ഗോൾ ആക്കി മാറ്റി ഗോവയ്ക്ക് 51-ാം മിനിറ്റിൽ വീണ്ടും ലീഡ് നൽകി.
ഗോവ അവിടെ നിർത്തിയില്ല. ഏഴ് മിനിറ്റിന് ശേഷം ഹെറേരയുടെ ഒരു അപകടകരമായ കോർണർ ധീരജിന്റെ കണക്കുകൂട്ടൽ തെറ്റി വലയിലേക്ക് കയറി, ഗോവയുടെ ലീഡ് 3-1 ആയി ഉയർന്നു.
ഈ വിജയത്തോടെ എഫ്‌സി ഗോവ ശനിയാഴ്ച നടക്കുന്ന ഫൈനലിൽ മുംബൈ സിറ്റി എഫ്‌സി – ജംഷഡ്‌പൂർ എഫ്‌സി മത്സരത്തിലെ വിജയികളെ നേരിടും.