ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം അടുത്തിരിക്കെ, സീനിയർ ടെസ്റ്റ് ടീമിനും ഇന്ത്യ എ ടീമിനുമായി 35 കളിക്കാരെ ബിസിസിഐ ഷോർട്ട്ലിസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. ജൂൺ 20 ന് ഹെഡിംഗ്ലിയിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയെ ഇന്ത്യൻ ബോർഡ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ സീസണിൽ ടെസ്റ്റ് ക്രിക്കറ്റിൽ മോശം പ്രകടനം നടത്തിയെങ്കിലും പരിചയസമ്പന്നനായ ഓപ്പണറും നിലവിലെ ക്യാപ്റ്റനുമായ രോഹിത് ശർമ്മ തന്നെയാകും ക്യാപ്റ്റൻ.
മിഡിൽ ഓർഡർ ബാറ്റർ സർഫറാസ് ഖാന് ഇരു ടീമുകളിലും സ്ഥാനം ലഭിച്ചേക്കില്ല എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സെലക്ടർമാർ രജത് പാട്ടിദാർ, കരുൺ നായർ എന്നിവർക്ക് അവസരം നൽകും. ശ്രേയസ് അയ്യരുടെ റെഡ്-ബോൾ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. താരത്തെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സെലക്ടർമാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള അന്തിമ ടീമുകളെ മെയ് രണ്ടാം വാരത്തോടെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.