ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ പാരീസ് സെന്റ് ജെർമെയ്നെതിരെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി 1-0 ന് തോറ്റെങ്കിലും ഫൈനലിൽ എത്താൻ തങ്ങളുടെ ടീമിന് സാധ്യതയുണ്ടെന്ന് ആഴ്സണൽ ഗോൾകീപ്പർ ഡേവിഡ് റയ പ്രത്യാശ പ്രകടിപ്പിച്ചു.

“അവർ ഒരു ഗോളോടെ വേഗത്തിൽ തുടങ്ങി ആദ്യത്തെ 15-20 മിനിറ്റ് അവർ ആധിപത്യം പുലർത്തി, പക്ഷേ അതിനുശേഷം ഞങ്ങൾ കളിയുടെ ഭൂരിഭാഗവും നിയന്ത്രിച്ചു, അവസരങ്ങൾ സൃഷ്ടിച്ചു. ഡോണറുമ ചില മികച്ച സേവുകൾ നടത്തി. ഇതൊരു ഇടവേള മാത്രമാണ്, ഞങ്ങൾ പോസിറ്റീവായി കാര്യങ്ങളെ കാണുന്നു. അവർ ഒരു മികച്ച ടീമാണ്, പക്ഷേ കളിക്കാരുടെ ശ്രമത്തിന് ക്രെഡിറ്റ് നൽകണം. ഞങ്ങൾക്ക് കളി ജയിക്കാമായിരുന്നു.” – റയ പറഞ്ഞു.
“അവർക്ക് ധാരാളം പൊസഷൻ നിലനിർത്താനായി അതിൽ അവർ മികച്ചവരാണെന്നും ഞങ്ങൾക്കറിയാം. അവർക്ക് ഒരു അവസരം ലഭിച്ചു, അവർ അത് വലയിലെത്തിച്ചു. ഞങ്ങൾക്ക് ഗോൾ നേടാൻ അവസരങ്ങളുണ്ടായിരുന്നു, പക്ഷേ ഞങ്ങൾക്ക് അത് സാധിച്ചില്ല.” അദ്ദേഹം പറഞ്ഞു.
2016 ന് ശേഷമുള്ള ആഴ്സണലിന്റെ ആദ്യത്തെ ഹോം ചാമ്പ്യൻസ് ലീഗ് തോൽവിയായിരുന്നു ഇത്, യൂറോപ്യൻ മത്സരങ്ങളിൽ എമിറേറ്റ്സിലെ 18 മത്സരങ്ങളുടെ അപരാജിത കുതിപ്പിനും ഇത് അവസാനം കുറിച്ചു. എന്നിരുന്നാലും, മെയ് 7 ന് പാരീസിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ തോമസ് പാർട്ടി തിരിച്ചെത്തുന്നത് ആഴ്സണലിന് ഉത്തേജനം നൽകും, ഇത് ഡെക്ലാൻ റൈസിന് കൂടുതൽ മുന്നോട്ട് കളിക്കാൻ സ്വാതന്ത്ര്യം നൽകിയേക്കാം.
റയ ഉറച്ചുനിൽക്കുകയും ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനെ അട്ടിമറിച്ച ആഴ്സണലിന് ഒരിക്കൽ കൂടി ഈ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.
“ഈ സീസണിൽ ഞങ്ങൾക്ക് എവേ മത്സരങ്ങളിലും വിജയിക്കാൻ കഴിയുമെന്ന് ഞങ്ങൾ കാണിച്ചിട്ടുണ്ട്, അതിനാൽ അടുത്ത ആഴ്ച ഞങ്ങൾ പാരീസിൽ വിജയിക്കാൻ ശ്രമിക്കും.” റയ പറഞ്ഞു.