ഇന്ന് ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദത്തിൽ ലണ്ടണിൽ നടന്ന മത്സരത്തിൽ പി എസ് ജി ആഴ്സണലിന് എതിരെ നിർണായക എവേ വിജയം നേടി. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പി എസ് ജിയുടെ വിജയം. ഇനി രണ്ടാം പാദം അടുത്ത ആഴ്ച പാരീസിൽ നടക്കും.

ഇന്ന് സെമി ഫൈനൽ ആരംഭിച്ച് മൂന്നാം മിനുറ്റിൽ തന്നെ സന്ദർശകർ ലീഡ് എടുത്തു. ഇടതു വിങ്ങിലൂടെ പെനാൽറ്റി ബോക്സിലേക്ക് കയറിയ ക്വാരക്സ്കേലിയ നൽകിയ പാസ് ഒരു ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ ഡെംബലെ വലയിൽ എത്തിച്ചു. സ്കോർ 1-0.
തുടക്കത്തിലെ ഈ ഷോക്കിൽ നിന്ന് ആഴ്സണൽ കരകയറാൻ സമയം എടുത്തു. അതുകൊണ്ട് തന്നെ തുടക്കത്തിൽ പി എസ് ജിയിൽ നിന്ന് നല്ല നീക്കങ്ങൾ കാണാൻ ആയി. എന്നാൽ രണ്ടാം ഗോൾ നേടാൻ അവർക്ക് ആയില്ല. ആഴ്സണൽ പതിയെ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി.
മാർട്ടിനെല്ലിയുടെയും ട്രോസാർഡിന്റെയും നല്ല രണ്ട് ഗോൾ ശ്രമങ്ങൾ ഡൊണ്ണരുമ്മ സേവ് ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒരു സെറ്റ് പീസിൽ നിന്ന് മെറിനോയിലൂടെ ആഴ്സണൽ ഗോൾ നേടി എങ്കിലും വാർ അത് ഓഫ് സൈഡ് വിളിച്ചു.
അവസാനം ലീഡ് ഉയർത്താൻ പി എസ് ജിക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ബ്രകോളയു ഒരു ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്ത് പോയപ്പോൾ, റാമോസിന്റെ ഷോട്ട് ബാറി തട്ടിയാണ് പുറത്ത് പോയത്.