റയൽ മാഡ്രിഡ് ഡിഫൻഡർ അന്റോണിയോ റൂഡിഗർ ഇടത് കാൽമുട്ടിലെ ശസ്ത്രക്രിയയെ തുടർന്ന് ആറ് മുതൽ എട്ട് ആഴ്ച വരെ കളത്തിന് പുറത്തിരിക്കും. എക്സ്റ്റേണൽ മെനിസ്കസിൽ ഭാഗികമായി കീറലുണ്ടായതിനെ തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുകയായിരുന്ന ജർമ്മൻ ഇന്റർനാഷണൽ താരം ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ക്ലബ്ബ് ബുധനാഴ്ച സ്ഥിരീകരിച്ചു.

ബാഴ്സലോണക്കെതിരായ കോപാ ഡെൽ റേ ഫൈനലിലെ വിവാദപരമായ സംഭവത്തെത്തുടർന്ന് റൂഡിഗർക്ക് ദീർഘകാല സസ്പെൻഷൻ നേരിടേണ്ടിവരുന്ന സാഹചര്യത്തിൽ ശസ്ത്രക്രിയയുടെ സമയം തന്ത്രപരമാണെന്ന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നു. സെന്റർ ബാക്കിന് നാല് മുതൽ പന്ത്രണ്ട് മത്സരങ്ങൾ വരെ വിലക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഈ സമയം നിലനിൽക്കുന്ന കാൽമുട്ട് പ്രശ്നം പരിഹരിക്കാൻ അനുയോജ്യമായ സമയമായി കണക്കാക്കുന്നു.
ഇതോടെ, റൂഡിഗറിന് ജർമ്മനിക്കൊപ്പമുള്ള വരാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് ഫൈനലും റയൽ മാഡ്രിഡിൻ്റെ ക്ലബ്ബ് ലോകകപ്പ് കാമ്പെയ്നും നഷ്ടമാകും. ഈ സീസണിൽ മാഡ്രിഡിൻ്റെ പ്രതിരോധ നിരയിലെ പ്രധാന താരമായ അദ്ദേഹത്തിൻ്റെ അഭാവം ക്ലബ്ബിനും രാജ്യത്തിനും ഒരുപോലെ വലിയ തിരിച്ചടിയാകും.