റെക്കോർഡ് തകർത്ത് ഐപിഎൽ സെഞ്ചുറി നേടിയ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. രാജസ്ഥാൻ റോയൽസിനു വേണ്ടി കളിക്കുന്ന 14-കാരനായ വൈഭവ് ഇന്ത്യൻ പ്രീമിയർ ലീഗിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

ജയ്പൂരിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 38 പന്തുകളിൽ നിന്ന് 101 റൺസാണ് താരം നേടിയത്.
35 പന്തിൽ സെഞ്ചുറി നേടിയ താരം 11 സിക്സറുകളാണ് പറത്തിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണിത്. ക്രിസ് ഗെയ്‌ലിന്റെ 30 പന്തിലെ സെഞ്ചുറി മാത്രമാണ് ഇതിന് മുന്നിലുള്ളത്. വൈഭവിന്റെ തകർപ്പൻ പ്രകടനത്തിൽ രാജസ്ഥാൻ റോയൽസ് 210 റൺസ് വിജയലക്ഷ്യം 15.5 ഓവറിൽ മറികടന്ന് വിജയം നേടി.
2024-ൽ വൈഭവിനെയും അദ്ദേഹത്തിന്റെ പിതാവിനെയും കണ്ടുമുട്ടിയ നിമിഷം ഓർത്തെടുത്തുകൊണ്ട് ബിഹാർ മുഖ്യമന്ത്രി സോഷ്യൽ മീഡിയയിൽ യുവതാരത്തെ അഭിനന്ദിച്ചു. വൈഭവിന്റെ കഠിനാധ്വാനത്തെയും കഴിവിനെയും നിതീഷ് കുമാർ പ്രശംസിച്ചു. “ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ പ്രതീക്ഷ” എന്നാണ് അദ്ദേഹം വൈഭവിനെ വിശേഷിപ്പിച്ചത്. ഐപിഎല്ലിലെ ഹീറോയിക് പ്രകടനത്തിന് ശേഷം വൈഭവിനോട് നേരിട്ട് സംസാരിച്ചെന്നും 10 ലക്ഷം രൂപ പാരിതോഷികം നൽകാനുള്ള സംസ്ഥാനത്തിന്റെ തീരുമാനം സ്ഥിരീകരിച്ചെന്നും അദ്ദേഹം അറിയിച്ചു.