മിലാൻ: സാൻ സിറോയിൽ നടന്ന മത്സരത്തിൽ എ.എസ്. റോമയോട് 1-0ന് പരാജയപ്പെട്ടതോടെ ഇന്റർ മിലാന്റെ സീരി എ കിരീട പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി നേരിട്ടു. ഈ തോൽവി നാപ്പോളിക്ക് ഇന്ന് രാത്രി ടോറിനോയെ നേരിടുമ്പോൾ പോയിന്റ് പട്ടികയിൽ മൂന്ന് പോയിന്റ് ലീഡ് നേടാൻ അവസരം വന്നിരിക്കുകയാണ്.

കോപ്പ ഇറ്റാലിയ സെമിഫൈനൽ രണ്ടാം പാദത്തിൽ എ.സി. മിലാനോട് 3-0ന് തോറ്റതിൻ്റെ ആഘാതത്തിൽ നിന്ന് അവർ മുക്തരായിട്ടില്ല. അപ്പോഴാണ് ഈ പരാജയം കൂടെ. ഞായറാഴ്ചത്തെ തോൽവി എല്ലാ മത്സരങ്ങളിലുമായി അവരുടെ തുടർച്ചയായ മൂന്നാം തോൽവിയാണ്, ഇന്റർ 71 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുമ്പോൾ, നാപ്പോളിയും അതേ പോയിന്റിൽ ഒന്നാം സ്ഥാനത്താണ്. റോമ 60 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.
ഈ തോൽവിക്ക് പുറമെ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ആദ്യ പാദത്തിൽ ബാഴ്സലോണയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി പ്രധാന പ്രതിരോധ താരം ബെഞ്ചമിൻ പവാർഡിന് പരിക്കേറ്റത് ഇന്ററിന് വലിയ ആശങ്ക നൽകുന്നു.
ലോറെൻസോ പെല്ലെഗ്രിനിയുടെ ഷോട്ട് ബോക്സിനുള്ളിൽ വെച്ച് തടയപ്പെട്ടു, എന്നാൽ റീബൗണ്ട് ലഭിച്ച മാറ്റിയാസ് സൗലെ 22-ാം മിനിറ്റിൽ റോമക്ക് ലീഡ് നൽകി. ഈ ഗോൾ വിജയവും ഉറപ്പിച്ചു.