ലിവർപൂൾ ഫുട്ബോൾ ക്ലബ്ബ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി. ഇന്ന് ആൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ടോട്ടനം ഹോട്ട്സ്പറിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് ലിവർപൂൾ കിരീടം ഉറപ്പിച്ചത്. ഇത് ലിവർപൂളിന്റെ രണ്ടാം പ്രീമിയർ ലീഗ് കിരീടമാണ്. ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ അവരുടെ ഇരുപതാം ലീഗ് കിരീടം കൂടിയാണിത്. ഈ വിജയത്തോടെ ഏറ്റവും കൂടുതൽ ലീഗ് കിരീടങ്ങൾ നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റെക്കോർഡിനൊപ്പമെത്താനും ലിവർപൂളിന് സാധിച്ചു.

മത്സരത്തിന്റെ തുടക്കത്തിൽ സോളാങ്കിയുടെ ഗോളിലൂടെ ടോട്ടനം മുന്നിലെത്തിയെങ്കിലും ലിവർപൂൾ ശക്തമായി തിരിച്ചുവന്നു. ആദ്യ പകുതിയിൽ ലൂയിസ് ഡിയസിലൂടെ അവർ സമനില ഗോൾ നേടി. പിന്നാലെ അലക്സിസ് മക്കാലിസ്റ്ററുടെ തകർപ്പൻ സ്ട്രൈക്കിലൂടെ ലിവർപൂൾ ലീഡ് നേടി. കോഡി ഗാക്പോയുടെ ഗോൾ ലിവർപൂളിനെ 3-1ന് മുന്നിലെത്തിച്ചു. രണ്ടാം പകുതിയുൽ സലായും ലിവർപൂളിനായി ഗോൾ നേടി
സീസണിൽ ഇനി നാല് മത്സരങ്ങൾ ശേഷിക്കെയാണ് ലിവർപൂൾ കിരീടം സ്വന്തമാക്കുന്നത്. ഈ സീസണിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ലിവർപൂൾ അർഹിച്ച കിരീടം തന്നെയാണ് നേടിയത്. ഈ വിജയം ലിവർപൂൾ ആരാധകർക്ക് വലിയ ആഘോഷത്തിന് വക നൽകിയിരിക്കുകയാണ്.