ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ വിജയം. 5 വിക്കറ്റും 8 പന്തും ബാക്കി നിർത്തിയാണ് ഹൈദരാബാദ് 155 റൺസ് വിജയലക്ഷ്യം മറികടന്നത്.
ആദ്യം ബാറ്റ് ചെയ്യാൻ അയക്കപ്പെട്ട ചെന്നൈ സൂപ്പർ കിംഗ്സിനെ 19.5 ഓവറിൽ 154 റൺസിന് ഹൈദരാബാദ് ഓൾഔട്ട് ആക്കി. അയൂഷ് മത്രേ (19 പന്തിൽ 30), ഡെവാൾഡ് ബ്രെവിസ് (25 പന്തിൽ 42) എന്നിവരുടെ നല്ല പ്രകടനം ഉണ്ടായിരുന്നെങ്കിലും, ചെന്നൈക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ടു.

ഹർഷൽ പട്ടേൽ 28 റൺസിന് 4 വിക്കറ്റ് വീഴ്ത്തി ഹൈദരാബാദ് ബൗളിംഗ് നിരയിൽ തിളങ്ങി. പാറ്റ് കമ്മിൻസും ജയദേവ് ഉനദ്കട്ടും രണ്ട് വിക്കറ്റുകൾ വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ അഭിഷേക് ശർമ്മയുടെ വിക്കറ്റ് നഷ്ടമായി. എന്നാൽ ഇഷാൻ കിഷൻ 34 പന്തിൽ 44 റൺസുമായി ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു. പിന്നീട് മധ്യനിരയിൽ ചെറിയ തകർച്ച നേരിട്ടെങ്കിലും കമിൻഡു മെൻഡിസ് (32), നിതീഷ് കുമാർ റെഡ്ഡി (19) എന്നിവർ ചേർന്ന് ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചു.
നൂർ അഹമ്മദ് രണ്ട് വിക്കറ്റുകൾ നേടിയെങ്കിലും ചെന്നൈ ബൗളർമാർക്ക് വിജയലക്ഷ്യം പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ഈ വിജയത്തോടെ സൺറൈസേഴ്സ് ചെന്നൈയെയും രാജസ്ഥാനെയും പിറകിലാക്കി എട്ടാം സ്ഥാനത്തേക്ക് കയറി.