ന്യൂകാസിൽ യുണൈറ്റഡ് പരിശീലകൻ എഡ്ഡി ഹോവ് ന്യുമോണിയയിൽ നിന്ന് സുഖം പ്രാപിച്ച് വീണ്ടും ചുമതലയേറ്റതായി ക്ലബ്ബ് വ്യാഴാഴ്ച അറിയിച്ചു. 47 കാരനായ അദ്ദേഹം അടുത്തിടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, ക്രിസ്റ്റൽ പാലസ്, ആസ്റ്റൺ വില്ല എന്നിവർക്കെതിരായ മൂന്ന് നിർണായക പ്രീമിയർ ലീഗ് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.
“എഡ്ഡിക്ക് ന്യുമോണിയ ബാധിച്ച് അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഇപ്പോൾ അദ്ദേഹം സുഖം പ്രാപിച്ച് ജോലിയിൽ തിരിച്ചെത്തിയിരിക്കുന്നു. അദ്ദേഹത്തിന് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു,” എന്ന് ന്യൂകാസിൽ പ്രസ്താവനയിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ അഭാവത്തിൽ അസിസ്റ്റന്റ് മാനേജർ ജേസൺ ടിൻഡാൾ ടീമിനെ മാഞ്ചസ്റ്റർ യുണൈറ്റഡിനും ക്രിസ്റ്റൽ പാലസിനുമെതിരെ വിജയത്തിലേക്ക് നയിച്ചു. എന്നാൽ ആസ്റ്റൺ വില്ലയോട് അവർക്ക് വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
നിലവിൽ ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള ന്യൂകാസിൽ, ലീഗ് കപ്പ് വിജയത്തിന്റെ ആവേശത്തിലാണ്. ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കായി അവർ ശക്തമായ പോരാട്ടം നടത്തുകയാണ്. ഈ വാരാന്ത്യത്തിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന Ipswich നെ അവർ നേരിടും.