വയറിലെ പേശികൾക്ക് പരിക്കേറ്റതിനെ തുടർന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് 2025 ഐപിഎല്ലിലെ കൂടുതൽ മത്സരങ്ങൾ നഷ്ടമാകും. ഈ മാസം ആദ്യം ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഏപ്രിൽ 24 ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ടീമിന്റെ മത്സരത്തിലും സഞ്ജു കളിക്കില്ലെന്ന് ഉറപ്പായി.

മെഡിക്കൽ ടീം സഞ്ജുവിന് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടില്ലെന്ന് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് അറിയിച്ചു. ഒന്നിലധികം വിമാന യാത്രകൾ ഒഴിവാക്കണമെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് താരത്തെ ടീമിനൊപ്പം കൂട്ടാത്തതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
“സഞ്ജുവിന് ചെറിയൊരു പേശിവേദനയുണ്ട്, വിശ്രമം വേണമെന്ന് ഫിസിയോ നിർദ്ദേശിച്ചു. അവന്റെ പുനരധിവാസം വേഗത്തിലാക്കാൻ ഫിസിയോയെ ഞങ്ങൾ അവനോടൊപ്പം നിർത്തിയിരിക്കുകയാണ്,” ദ്രാവിഡ് വ്യക്തമാക്കി.
ഈ സീസണിൽ രാജസ്ഥാൻ റോയൽസിൻ്റെ പ്രധാന താരമായിരുന്നു സഞ്ജു. ഏഴ് മത്സരങ്ങളിൽ നിന്ന് 140 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 224 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ എട്ട് മത്സരങ്ങളിൽ ആറ് തോൽവിയുമായി എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. ടീമിൻ്റെ പ്ലേ ഓഫ് സാധ്യതകൾ ഇപ്പോൾ ആശങ്കയിലാണ്.
സഞ്ജുവിൻ്റെ തിരിച്ചുവരവിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ, വരും മത്സരങ്ങളിലും റിയാൻ പരാഗ് തന്നെയാകും റോയൽസിനെ നയിക്കുക.