ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടം അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ ലിവർപൂളിന് ഇനി ഒരു പോയിന്റ് മാത്രം മതി കിരീടം ഉറപ്പിക്കാൻ. ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഴ്സണൽ ക്രിസ്റ്റൽ പാലസുമായി 2-2 എന്ന സമനിലയിൽ കുരുങ്ങിയതാണ് ലിവർപൂളിന് കാര്യങ്ങൾ എളുപ്പമാക്കിയത്.

മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ കിവിയോറിലൂടെ ആഴ്സണൽ മുന്നിലെത്തി. എന്നാൽ 27-ാം മിനിറ്റിൽ എസെയിലൂടെ ക്രിസ്റ്റൽ പാലസ് സമനില ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്പ് ട്രൊസാഡ് ഒരു മികച്ച ഗോളിലൂടെ ആഴ്സണലിന് വീണ്ടും ലീഡ് സമ്മാനിച്ചു.
രണ്ടാം പകുതിയിൽ 72-ാം മിനിറ്റിൽ മാർട്ടിനെല്ലി ഗോൾ നേടിയെങ്കിലും വാർ അത് നിഷേധിച്ചു. പിന്നീട് 83-ാം മിനിറ്റിൽ മറ്റേറ്റയിലൂടെ ക്രിസ്റ്റൽ പാലസ് വീണ്ടും സമനില പിടിച്ചു.
ഈ സമനിലയോടെ ആഴ്സണൽ 67 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അവർക്ക് ഇനി നാല് മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അതേസമയം, ലിവർപൂൾ 33 മത്സരങ്ങളിൽ നിന്ന് 79 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇനി ഒരു പോയിന്റ് നേടിയാൽ ലിവർപൂളിന് ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാം. ആഴ്സണലിന് ശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാൽ പോലും 79 പോയിന്റിൽ എത്താനേ സാധിക്കൂ.