ഹെയിൻറിച്ച് ക്ലാസ്സന്റെ അര്‍ദ്ധ ശതകത്തിലൂടെ വലിയ നാണക്കേടിൽ നിന്ന് കരകയറി സൺറൈസേഴ്സ് ഹൈദ്രബാദ്. ആറാം വിക്കറ്റിൽ ക്ലാസ്സന്‍ – അഭിനവ് മനോഹര്‍ കൂട്ടുകെട്ട് നേടിയ 99 റൺസാണ് സൺറൈസേഴ്സ് സ്കോറിന് മാന്യത പകര്‍ന്നത്. 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസാണ് സൺറേസേഴ്സ് നേടിയത്.
സൺറൈസേഴ്സ് ഓപ്പണര്‍മാരെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ ഇഷാന്‍ കിഷനെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും ദീപക് ചഹാര്‍ ആണ് പുറത്താക്കിയത്. അനികേത് വര്‍മ്മയുമായി ചേര്‍ന്ന് ക്ലാസ്സന്‍ 22 റൺസ് നേടിയെങ്കിലും 12 റൺസ് നേടിയ അനികേതിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സിന് 5ാം വിക്കറ്റ് നഷ്ടമായി.
13/4 എന്ന നിലയിലേക്കും പിന്നീട് 35/5 എന്ന നിലയിലേക്കും വീണ സൺറൈസേഴ്സിനെ ഹെയിൻറിച്ച് ക്ലാസ്സനും അഭിനവ് മനോഹരും ചേര്‍ന്ന് നൂറ് കടത്തുകയായിരുന്നു. ക്ലാസ്സന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ അഭിനവ് മനോഹര്‍ കരുതലോടെയാണ് മറുവശത്ത് ബാറ്റ് വീശിയത്.
44 പന്തിൽ 71 റൺസ് നേടിയ ക്ലാസ്സനെ ബുംറ 19ാം ഓവറിലാണ് പുറത്താക്കിയത്. 43 റൺസ് നേടിയ അഭിനവ് മനോഹര്‍ അവസാന ഓവറിൽ ബോള്‍ട്ടിന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും സൺറൈസേഴ്സ് പൊരുതി നോക്കാവുന്ന സ്കോറിലേക്ക് എത്തിയെന്ന് ഉറപ്പാക്കുവാന്‍ ഇരുവര്‍ക്കുമായി.
അവസാന ഓവറിൽ പാറ്റ് കമ്മിന്‍സിനെ കൂടി പുറത്താക്കി ട്രെന്റ് ബോള്‍ട്ട് മത്സരത്തിലെ തന്റെ നാലാം വിക്കറ്റ് നേടി.