ഐപിഎലില്‍ ഒരു ഘട്ടത്തിൽ 200ന് മേലെയുള്ള സ്കോറിലേക്ക് ലക്നൗ കുതിയ്ക്കുമെന്ന് കരുതിയെങ്കിലും അവിടെ നിന്ന് വിക്കറ്റുകളുമായി എതിരാളികളെ 159 റൺസിൽ ഒതുക്കി ഡൽഹി ക്യാപിറ്റൽസ്. മത്സരത്തിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് ലക്നൗ ഈ സ്കോര്‍ നേടിയത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പത്തോവറിൽ 87 റൺസ് നേടിയെങ്കിലും വിക്കറ്റുകള്‍ തുടരെ നഷ്ടമായത് ടീമിന് തിരിച്ചടിയായി.
എയ്ഡന്‍ മാര്‍ക്രവും മിച്ചൽ മാര്‍ഷും മികച്ച ബാറ്റിംഗ് പ്രകടനം ആണ് ലക്നൗവിനായി പുറത്തെടുത്തത്. 51 റൺസാണ് ലക്നൗ പവര്‍പ്ലേയിൽ നേടിയത്. 30 പന്തിൽ മാര്‍ക്രം തന്റെ ഫിഫ്റ്റി നേടിയപ്പോള്‍ പത്തോവര്‍ പിന്നിടുമ്പോള്‍ ലക്നൗ 87 റൺസാണ് നേടിയത്.
പത്താം ഓവറിലെ അവസാന പന്തിൽ ദുഷ്മന്ത ചമീരയാണ് എയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കി ഈ കൂട്ടുകെട്ട് തകര്‍ത്തത്. 33 പന്തിൽ 52 റൺസാണ് മാര്‍ക്രം നേടിയത്. 9 റൺസ് നേടിയ നിക്കോളസ് പൂരനെ ലക്നൗവിന് അടുത്തതായി നഷ്ടമായി. സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്.
14ാം ഓവറിൽ മുകേഷ് കുമാര്‍ ലക്നൗവിന് ഇരട്ട പ്രഹരം ഏല്പിച്ചു. ഒരേ ഓവറിൽ അബ്ദുള്‍ സമദിനെയും മിച്ചൽ മാര്‍ഷിനെയും താരം പുറത്താക്കി. 36 പന്തിൽ 45 റൺസായിരുന്നു മാര്‍ഷ് നേടിയത്.
99/1 എന്ന നിലയിൽ നിന്ന് 110/4 എന്ന നിലയിലേക്ക് ലക്നൗ വീണപ്പോള്‍ മികച്ച തിരിച്ചുവരവാണ് ഡൽഹി ബൗളിംഗ് നിര നടത്തിയത്. ലക്നൗ കുതിപ്പിന് തടയിട്ട് ഡൽഹിയുടെ മികച്ച തിരിച്ചുവരവ് സാധ്യമായി.
ആയിഷ് ബദോനി 21 പന്തിൽ 36 റൺസ് നേടിയാണ് ലക്നൗവിന്റെ സ്കോര്‍ 150 കടത്തിയത്. ഡേവിഡ് മില്ലര്‍ 14 റൺസുമായി പുറത്താകാതെ നിന്നു. ഡൽഹിയ്ക്ക് വേണ്ടി മുകേഷ് കുമാര്‍ 4 വിക്കറ്റ് നേടി.