ഐപിഎലില്‍ കൊൽക്കത്തയ്ക്കെതിരെ 39 റൺസിന്റെ മിന്നും വിജയം നേടി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 198/3 എന്ന സ്കോര്‍ നേടിയപ്പോള്‍ കൊൽക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് മാത്രമേ നേടാനായുള്ളു.
റഹ്മാനുള്ള ഗുര്‍ബാസിനെ സിറാജ് ആദ്യ ഓവറിൽ പുറത്താക്കിയപ്പോള്‍ അജിങ്ക്യ രഹാനെ – സുനിൽ നരൈന്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 41 റൺസ് നേടി. പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ റഷീദ് ഖാന്‍ നരൈനെ പുറത്താക്കി കൊൽക്കത്തയ്ക്ക് രണ്ടാം പ്രഹരം ഏല്പിച്ചു. 17 റൺസാണ് നരൈന്‍ നേടിയത്.
റൺസ് വിട്ട് നൽകാതെ ഗുജറാത്ത് ബൗളര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ 11 ഓവറിൽ 81 റൺസാണ് കൊൽക്കത്ത നേടിയത്. തൊട്ടടുത്ത ഓവറിൽ വെങ്കിടേഷ് അയ്യരെ വീഴ്ത്തിയ സായി കിഷോര്‍ ഗുജറാത്തിന്റെ മൂന്നാം വിക്കറ്റ് നേട്ടം സാധ്യമാക്കി. 41 റൺസാണ് രഹാനെ – വെങ്കിടേഷ് അയ്യര്‍ കൂട്ടുകെട്ട് നേടിയത്.
തൊട്ടടുത്ത ഓവറിൽ 50 റൺസ് പൂര്‍ത്തിയാക്കിയ അജിങ്ക്യ രഹാനെയെ വാഷിംഗ്ടൺ സുന്ദര്‍ പുറത്താക്കിയപ്പോള്‍ കൊൽക്കത്തയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. റസ്സലും റിങ്കുവും ചേര്‍ന്ന് 27 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയെങ്കിലും റസ്സലിനെ പുറത്താക്കി റഷീദ് ഖാന്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.
രമൺദീപിനെയും മോയിന്‍ അലിയെയും ഒരേ ഓവറിൽ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചപ്പോള്‍ കൊൽക്കത്ത വലിയ തോൽവിയിലേക്ക് നീങ്ങുകയായിരുന്നു.
ഇംപാക്ട് സബ് ആയി 9ാമനായി ഇറങ്ങിയ അംഗ്കൃഷ് രഘുവംശി ക്രീസിലെത്തിയ ശേഷമാണ് വീണ്ടും കൊൽക്കത്തയുടെ സ്കോര്‍ ബോര്‍ഡ് ചലിച്ച് തുടങ്ങിയത്. എന്നാൽ ആ ഘട്ടത്തിൽ മത്സരം ഗുജറാത്തിന്റെ പക്കലായിക്കഴിഞ്ഞിരുന്നു.
16 പന്തിൽ 32 റൺസ് നേടിയ ഈ കൂട്ടുകെട്ട് അവസാന ഓവറിൽ ഇഷാന്ത് ശര്‍മ്മ തകര്‍ത്തു. 17 റൺസ് നേടിയ റിങ്കുവിനെയാണ് ഇഷാന്ത് വീഴ്ത്തിയത്. അംഗ്കൃഷ് രഘുവംശി 13 പന്തിൽ 27 റൺസ് നേടി പുറത്താകാതെ നിന്നു.