ഭൂവനേശ്വർ: കലിംഗ സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിനായി ഗോകുലം കേരള ഇന്ന് കളത്തിലിറങ്ങുന്നു. നോക്കൗട്ട് റൗണ്ടിലെ ആദ്യ മത്സരത്തിൽ ഐ.എസ്.എൽ ക്ലബായ ഗോവയെയാണ് ഗോകുലം നേരിടുന്നത്. ഐ ലീഗിൽ മികച്ച പ്രകടനം നടത്തിയ അതേ ടീം തന്നെയാകും സൂപ്പർ കപ്പിലും ഗോകുലത്തിനായി കളത്തിലിറങ്ങുക.

ഐ ലീഗിലെ അവസാന മത്സരത്തിൽവരെ കിരീടത്തിനായി ഗോകുലം പൊരുതി നോക്കിയിരുന്നു. മുന്നേറ്റതാരം താബിസോ ബ്രൗൺ മികച്ച ഫോമിലാണെന്നുള്ളത് ഗോകുലത്തിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. ഐ ലീഗിനായി ടീമിനെ ഒരുക്കിയ അതേ പരിശീലന സംഘം തന്നെയാണ് സൂപ്പർ കപ്പിലും ഗോകുലം കേരളക്കായി തന്ത്രങ്ങൾ മെനയുക. 24 പേരുടെ സ്‌ക്വാഡിൽ 10 മലയാളി താരങ്ങളുണ്ട്, ടീം ഒഫീഷ്യൽസ് മുഴുവൻ മലയാളികളാണ് എന്ന സവിശേഷത കൂടിയുണ്ട്.
എതിരാളികൾ ഗോവ ആയതിനാൽ ശ്രദ്ധയോടെ കളിച്ചാൽ മാത്രമേ ആദ്യ മത്സരത്തിൽ ജയിച്ച് അടുത്ത റൗണ്ടിൽ പ്രവേശിക്കാൻ കഴിയൂ. സെർജിയോയുടെ നേതൃത്തിലാണ് ഗോകുലം ഇന്ന് കളത്തിലെത്തുക. രഞ്ജിത്ത് ടി.എ തന്നെയാണ് മുഖ്യ പരിശീലകൻ . വൈകിട്ട് 4.30ലാണ് മത്സരം.