മുംബൈ ഇന്ത്യന്‍സിനെതിരെ വാങ്കഡേയിൽ 176 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 5 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. ശിവം ദുബേയും രവീന്ദ്ര ജഡേജയും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ തുണച്ചത്. അരങ്ങേറ്റക്കാരന്‍ ആയുഷ് മാത്രേ മികച്ച ബാറ്റിംഗുമായി ആദ്യ ഓവറുകളിൽ തിളങ്ങി. അതിന് ശേഷം 66/3 എന്ന നിലയിലേക്ക് ചെന്നൈ വീണിരുന്നു. അവിടെ നിന്ന് നാലാം വിക്കറ്റിൽ കൂട്ടുകെട്ടിൽ ദുബേ-ജഡേജ എന്നിവര്‍ ചേര്‍ന്നാണ് ടീമിന് ആശ്വാസമാകുന്ന സ്കോര്‍ കണ്ടെത്തി കൊടുത്തത്.
ആയുഷ് മാത്രേ 15 പന്തിൽ 32 റൺസ് നേടി ചെന്നൈയുടെ സ്കോറിംഗ് ഉയര്‍ത്തിയപ്പോള്‍ രണ്ടാം വിക്കറ്റിൽ ഷെയ്ഖ് റഷീദുമായി താരം 41 റൺസാണ് കൂട്ടിചേര്‍ത്തത്. മാത്രേ പുറത്തായി അധികം വൈകാതെ റഷീദും പുറത്തായി. 19 റൺസാണ് താരം നേടിയത്.
8 ഓവര്‍ പിന്നിടുമ്പോള്‍ 63/3 എന്ന നിലയിലായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെ രവീന്ദ്ര ജഡേജയും ശിവം ദുബേയും ചേര്‍ന്ന് നൂറ് കടത്തി. 79 റൺസാണ് ദുബേ-ജഡേജ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ നേടിയത്. 32 പന്തിൽ 50 റൺസ് നേടിയ ദുബേയെ ജസ്പ്രീത് ബുംറയാണ് പുറത്താക്കിയത്. ദുബേയെ പുറത്താക്കിയ ജസ്പ്രീത് ബുംറ തന്നെ എംഎസ് ധോണിയെയും പുറത്താക്കി ചെന്നൈയുടെ അഞ്ചാം വിക്കറ്റ് വീഴ്ത്തി.
അവസാനം വരെ ബാറ്റ് വീശി രവീന്ദ്ര ജഡേജ 53 റൺസുമായി പുറത്താകാതെ നിന്നാണ് ചെന്നൈയ്ക്ക് 176 റൺസ് നേടിക്കൊടുത്തത്.