ബാഴ്സലോണയുടെ മുന്നേറ്റനിരയിലെ താരം റോബർട്ട് ലെവൻഡോസ്കിക്ക് ഇടത് കാൽ തുടയിലെ സെമിടെൻഡിനോസസ് പേശികൾക്ക് പരിക്കേറ്റതായി ക്ലബ്ബ് സ്ഥിരീകരിച്ചു. സെൽറ്റാ വിഗോയ്ക്കെതിരായ ലാ ലിഗ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ അദ്ദേഹത്തെ നേരത്തെ പിൻവലിക്കേണ്ടിവന്നു.

പ്രാഥമിക പരിശോധനയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, പരിക്ക് മൂലം ഏകദേശം മൂന്നാഴ്ചയോളം ലെവൻഡോസ്കിക്ക് കളത്തിന് പുറത്തിരിക്കേണ്ടിവരും. ഇത് റയൽ മാഡ്രിഡിനെതിരായ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോപ്പ ഡെൽ റേ ഫൈനൽ അദ്ദേഹത്തിന് നഷ്ടമാകും എന്ന് ഉറപ്പാണ്. കാഡെന സെർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഇന്ററിനെതിരായ നിർണായക ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തിരിച്ചെത്താനുള്ള സാധ്യതയും കുറവാണ്.
സീസണിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന ബാഴ്സലോണക്ക് ഇത് വലിയ തിരിച്ചടിയാണ്.