റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ പഞ്ചാബ് കിംഗ്‌സിൻ്റെ ഐപിഎൽ 2025 മത്സരത്തിന് മുന്നോടിയായി ഗ്ലെൻ മാക്സ്വെല്ലിൻ്റെ ഫോമിനെ രൂക്ഷമായി വിമർശിച്ച് ചേതേശ്വർ പൂജാര രംഗത്ത്. 4.2 കോടി രൂപയ്ക്ക് ടീമിലെത്തിയ മാക്സ്വെൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 8.2 ശരാശരിയിൽ 41 റൺസ് മാത്രമാണ് നേടിയത്. എന്നിരുന്നാലും, ഭേദപ്പെട്ട എക്കോണമിയിൽ നാല് വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

ഇഎസ്പിഎൻക്രിൻഫോയോട് സംസാരിക്കവെ പൂജാര രൂക്ഷമായി വിമർശിച്ചു. മാക്സ്‌വെൽ ഇനിയും ഫോമിൽ ആയില്ലെങ്കിൽ പുറത്താക്കപ്പെടും എന്ന് പൂജാര പറഞ്ഞു. “അദ്ദേഹം ഐപിഎല്ലിനെ സമീപിക്കുന്ന രീതി മാറ്റിയിട്ടില്ല. ചില സമയങ്ങളിൽ അദ്ദേഹം കുറച്ച് ലാഘവത്തോടെ കളിക്കുന്നത് കണ്ടിട്ടുണ്ട്. എട്ട്-പത്ത് വർഷം മുമ്പുള്ള അതേ മാക്സ്വെല്ലിനെയാണ് ഇപ്പോഴും കാണുന്നത്.”
ഓസ്‌ട്രേലിയൻ താരം കൂടുതൽ ശ്രദ്ധയും ഗൗരവവും കാണിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു: “ഞാൻ കുറച്ച് വിമർശനാത്മകമായി സംസാരിക്കുകയാണ്, പക്ഷേ ഒരു കളിക്കാരൻ എന്ന നിലയിൽ ചില സമയങ്ങളിൽ നിങ്ങൾ ഉണരേണ്ടതുണ്ട്. നിങ്ങൾക്ക് കളിക്കാനും ഒരു ഫ്രാഞ്ചൈസിയുടെ ഭാഗമാകാനും അവസരം ലഭിക്കുന്നുണ്ടെന്ന് നിങ്ങൾ തിരിച്ചറിയണം.”
മാക്സ്വെല്ലിന് 2024 സീസണും മോശമായിരുന്നു. ഒമ്പത് മത്സരങ്ങളിൽ നിന്ന് 52 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്.