സൺറൈസേഴ്സിനെതിരെ മുംബൈയ്ക്ക് 4 വിക്കറ്റ് വിജയം. ഇന്ന് വാങ്കഡേയിലെ പ്രയാസകരമായ പിച്ചിൽ 163 റൺസ് ചേസ് ചെയ്തിറങ്ങിയ മുംബൈ 6 വിക്കറ്റ് നഷ്ടത്തിൽ 18.1 ഓവറിലാണ് 166 റൺസ് നേടി വിജയം കുറിച്ചത്.
മികച്ച തുടക്കമാണ് രോഹിത് ശര്‍മ്മ മംബൈയ്ക്ക് നൽകിയത്. 16 പന്തിൽ 26 റൺസ് നേടിയ രോഹിത് പുറത്താകുമ്പോള്‍ മുംബൈ 32 റൺസാണ് നേടിയത്. പവര്‍പ്ലേയിലെ അവസാന ഓവറുകളിൽ റയാന് റിക്കൽട്ടണും മുംബൈയ്ക്കായി റൺസ് കണ്ടെത്തി. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ മുംബൈ 55/1 എന്ന നിലയിലായിരുന്നു.
അധികം വൈകാതെ റയാന് റിക്കൽട്ടണിനെയും മുംബൈയ്ക്ക് നഷ്ടമായി. 23 പന്തിൽ 31 റൺസ് നേടിയ താരത്തെ ഹര്‍ഷൽ പട്ടേൽ ആണ് പുറത്താക്കിയത്. 69/2 എന്ന നിലയിലേക്ക് വീണ മുംബൈയെ വിൽ ജാക്സ് – സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്.
15 പന്തിൽ 26 റൺസ് നേടിയ സ്കൈ പുറത്താകുമ്പോളേക്കും മൂന്നാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 52 റൺസ് നേടിയിരുന്നു. പാറ്റ് കമ്മിന്‍സിനായിരുന്നു വിക്കറ്റ്. 36 റൺസ് നേടിയ വിൽ ജാക്സിനെയും പാറ്റ് കമ്മിന്‍സ് പുറത്താക്കിയപ്പോള്‍ മുംബൈ 128/4 എന്ന നിലയിലേക്ക് വീണു. വിജയത്തിനായി 35 റൺസ് ഇനിയും ടീം നേടേണ്ടതുണ്ടായിരുന്നു.
ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും തിലക് വര്‍മ്മയും ചേര്‍ന്ന് കൂടുതൽ നഷ്ടമില്ലാതെ മുംബൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ വിജയത്തിന് ഒരു റൺസ് അകലെ ഹാര്‍ദ്ദിക് പാണ്ഡ്യയെ മുംബൈയ്ക്ക് നഷ്ടമായി . ഈ കൂട്ടുകെട്ട് 16 പന്തിൽ നിന്ന് 34 റൺസാണ് നേടിയത്. ഹാര്‍ദ്ദിക് പാണ്ഡ്യ 9 പന്തിൽ 21 റൺസ് നേടിയപ്പോള്‍ അതേ ഓവറിൽ നമന്‍ ധിറിനെയും മുംബൈയ്ക്ക് നഷ്ടമായി.
എന്നാൽ തിലക് വര്‍മ്മ ബൗണ്ടറി നേടി ടീമിന്റെ വിജയം 18.1 ഓവറിൽ സാധ്യമാക്കി. വര്‍മ്മ 21 റൺസ് നേടി പുറത്താകാതെ നിന്നു. സൺറൈസേഴ്സ് ബൗളിംഗിൽ മൂന്ന് വിക്കറ്റ് നേടി പാറ്റ് കമ്മിന്‍സും 2 വിക്കറ്റ് നേടി ഇഷാന് മലിംഗയും പൊരുതി നോക്കി.